പരവൂര്‍: അന്വേഷണത്തിന് കേന്ദ്ര കമ്മീഷന്‍

തിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏകാംഗ കമ്മീഷനെ നിയമിച്ചു. പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷനിലെ ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് ഡോ. എ കെ യാദവാണ് അന്വേഷണം നടത്തുക. വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലെ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്‍ വകുപ്പ് ജോയിന്റ് സെക്രട്ടറി ശൈലേന്ദ്ര സിങ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
രണ്ടുമാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം. സിവില്‍ കോടതിയുടെ അധികാരം കമ്മീഷനുണ്ടാവും. പ്രധാനമായും നാലു കാര്യങ്ങളാണ് അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തുക. അപകടത്തിനു പെട്ടെന്നുണ്ടായ കാരണം, അപകടത്തിന്റെ സാഹചര്യങ്ങളും അതിലേക്കു നയിച്ച സംഭവവികാസങ്ങളും, നടപടിക്രമങ്ങളിലെ വീഴ്ചയും അധികൃതര്‍ക്കുണ്ടായ പിഴവുകളും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയാണിവ.
അതിനിടെ, വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയുടെ മരുമകന്‍ ഷിബു, സഹോദരീപുത്രന്‍ അശോകന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ സഹായികളായിരുന്നു ഇരുവരും. അറസ്റ്റിലായ കൃഷ്ണന്‍കുട്ടിയെയും മരിച്ച കമ്പക്കെട്ടുവിദഗ്ധന്‍ കഴക്കൂട്ടം സുരേന്ദ്രന്റെ മകന്‍ ഉമേഷിനെയും ഇന്നലെ ക്ഷേത്രപരിസരത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
Next Story

RELATED STORIES

Share it