Kerala

പരവൂരില്‍ നിയമലംഘനം തടഞ്ഞില്ല; പോലിസിനെതിരേ കലക്ടറുടെ റിപോര്‍ട്ട്

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് പോലിസിനെതിരേ കലക്ടറുടെ റിപോര്‍ട്ട്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടിട്ടും പോലിസ് നടപടി സ്വീകരിച്ചില്ലെന്ന് റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. റവന്യൂ മന്ത്രിക്കാണു കൊല്ലം ജില്ലാ കലക്ടര്‍ എ ഷൈനമോള്‍ റിപോര്‍ട്ട് നല്‍കിയത്.
വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ടു പോലിസ് ഗുരുതര വീഴ്ചവരുത്തിയെന്ന് കലക്ടറുടെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വെടിക്കെട്ടിന് വാക്കാല്‍ അനുമതികിട്ടിയെന്നു സംഘാടകര്‍ പറഞ്ഞെന്ന വാദം അംഗീകരിച്ച പോലിസ് നടപടി അപക്വമാണ്. സംഭവസ്ഥലത്ത് 200ഓളം പോലിസുകാര്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ കാഴ്ചക്കാരായി മാറി. നിയമം ലംഘിച്ച് ക്ഷേത്രത്തില്‍ മല്‍സരക്കമ്പം നടത്തിയെങ്കിലും പോലിസ് നടപടിയെടുത്തില്ല. ജില്ലാ ഭരണകൂടം മല്‍സരക്കമ്പം നടത്തുന്നതിന് അനുമതി നിഷേധിച്ചതാണ്. ഇക്കാര്യം ജില്ലയിലെ പ്രധാന പോലിസ് ഉദ്യോഗസ്ഥര്‍ക്കെല്ലാം അറിയാമായിരുന്നു. കൊല്ലം ജില്ലാ പോലിസ് മേധാവിക്കെതിരെയും വിമര്‍ശനമുള്ള റിപോര്‍ട്ടില്‍ കലക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ പോലിസ് തയ്യാറായില്ലെന്നും കുറ്റപ്പെടുത്തുന്നു.
അതേസമയം, വെടിക്കെട്ടപകടത്തെ തുടര്‍ന്ന് കൊല്ലം കലക്ടര്‍ നടത്തിയ പരസ്യപ്രസ്താവനയെ മന്ത്രിസഭായോഗം വിമര്‍ശിച്ചു. പരസ്യപ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നാണ് കലക്ടര്‍ക്കെതിരേ മന്ത്രിസഭായോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം. വെടിക്കെട്ടപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പോലിസിനാണെന്നു ചൂണ്ടികാട്ടി കൊല്ലം കലക്ടര്‍ റവന്യൂ മന്ത്രിക്ക് നല്‍കിയ റിപോര്‍ട്ട് മന്ത്രിസഭായോഗം ചര്‍ച്ചചെയ്യവെയാണ് വിമര്‍ശനം ഉയര്‍ന്നത്.
കലക്ടറുടെ പരസ്യപ്രസ്താവനയില്‍ പോലിസ് തലപ്പത്തുള്ളവര്‍ക്കും അമര്‍ഷമുണ്ട്. സ്വന്തം വീഴ്ച മറച്ചുവയ്ക്കുന്നതിനാണ് കമ്മീഷണറെ കുറ്റപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ആനുകൂല്യം ഷൈനമോള്‍ മുതലാക്കുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. പോലിസിന്റെ അതൃപ്തി ആഭ്യന്തരവകുപ്പിനെ അറിയിച്ചു.
Next Story

RELATED STORIES

Share it