പരമ്പര പോക്കറ്റിലാക്കാന്‍ ഇന്ത്യ

നാഗ്പൂര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലു മല്‍സരങ്ങളുടെ പരമ്പര പോക്കറ്റിലാക്കാനുറച്ച് ടീം ഇന്ത്യ ഇന്ന് മൂന്നാം ടെസ്റ്റിനിറങ്ങും. രണ്ടു ടെസ്റ്റുകള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ 1-0ന് മുന്നിലാ ണ്. മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ നേടിയ 108 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യക്ക് ലീഡ് നേടിത്തന്നത്. ബംഗളൂരുവില്‍ നടന്ന രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് മേല്‍ക്കൈയുണ്ടായിരുന്നെങ്കിലും കനത്ത മഴ വില്ലനാവുകയായിരുന്നു. ആദ്യദിനം മാത്രമാണ് രണ്ടാം ടെസ്റ്റില്‍ കളി നടന്നത്. മഴയെത്തുടര്‍ന്ന് ശേഷിച്ച നാലു ദിനങ്ങളിലെയും കളി ഉപേക്ഷിക്കുകയായിരുന്നു.
ഇന്നു ജയിച്ചാല്‍ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കാന്‍ വിരാട് കോഹ്‌ലിക്കും സംഘത്തിനുമാവും. എന്നാല്‍ പരമ്പരയില്‍ നിലനില്‍ക്കണമെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്കു ജയിച്ചേ തീരൂ.
കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലെയും പിച്ച് പോലെ നാഗ്പൂരിലെ പിച്ചും സ്പിന്നര്‍മാരെ തുണയ്ക്കുന്നതായതിനാല്‍ ടീം ഇന്ത്യ വിജയപ്രതീക്ഷയിലാണ്. മൊഹാലി ടെസ്റ്റില്‍ ഇന്ത്യക്കു ഗംഭീര വിജയം സമ്മാനിച്ചത് സ്പിന്നര്‍മാരുടെ പ്രകടനമായിരുന്നു. ആര്‍ അശ്വിന്‍-അമിത് മിശ്ര -രവീന്ദ്ര ജഡേജ എന്നിവരടങ്ങുന്ന സ്പിന്‍ ത്രയമാണ് ഇന്ത്യയുടെ കരുത്ത്. ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ 184, 109 സ്‌കോറുകളില്‍ എറിഞ്ഞിട്ട ഇന്ത്യ രണ്ടാം ടെസ്റ്റില്‍ സന്ദര്‍ശകരുടെ ഒന്നാമിന്നിങ്‌സ് 214ല്‍ അവസാനിപ്പിച്ചിരുന്നു.
ബൗളിങിനെക്കുറിച്ച് ഇന്ത്യക്ക് ആശങ്കയില്ലെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താത്തത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഒന്നാം ടെസ്റ്റില്‍ തീര്‍ത്തും നിറംമങ്ങിയ ഓപണര്‍ ശിഖര്‍ ധവാന്‍ രണ്ടാം ടെസ്റ്റിന്റെ ആദ്യഇന്നിങ്‌സില്‍ പുറത്താവാതെ 45 റണ്‍സ് നേടി ഫോമില്‍ തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസമാവും.
അതേസമയം, ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സിനൊഴികെ മറ്റാര്‍ക്കും താളംകണ്ടെത്താനാവാത്തത് നായകന്‍ ഹാഷിം അംലയെ വലയ്ക്കുന്നുണ്ട്. പരിക്കുമൂലം രണ്ടാം ടെസ്റ്റില്‍ കളിക്കാതിരുന്ന സ്റ്റാര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ഇന്നും കളിക്കുന്ന കാര്യം സംശയത്തിലാണ്.
Next Story

RELATED STORIES

Share it