പരമ്പരാഗത മണ്‍പാത്രങ്ങള്‍ വിസ്മൃതിയിലേക്ക്

പരമ്പരാഗത മണ്‍പാത്രങ്ങള്‍ വിസ്മൃതിയിലേക്ക്
X
KSD_mankalam

ശാഫി തെരുവത്ത്

കാസര്‍കോട്: പരമ്പരാഗതമായി ഉപയോഗിക്കുന്ന മണ്‍പാത്രങ്ങള്‍ അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമത്തെ തുടര്‍ന്നു വിസ്മൃതിയിലേക്ക്. ഒരു കാലത്ത് അടുക്കളകള്‍ കൈയടക്കിയിരുന്ന പരമ്പരാഗത മണ്‍പാത്രങ്ങളാണ് ഇപ്പോള്‍ പ്രതിസന്ധിയിലേക്കു നീങ്ങുന്നത്. പ്ലാസ്റ്റിക്, സ്റ്റീല്‍, അലുമിനിയം പാത്രങ്ങള്‍ വിപണി കൈയടക്കിയതോടെ മണ്‍പാത്രങ്ങള്‍ അടുക്കളയില്‍ നിന്നു പുറത്താവുകയായിരുന്നു.
കാസര്‍കോട് ജില്ലയിലെ പൈക്ക, നെല്ലിക്കട്ട, മുളിയാര്‍ ചിപ്ലിക്കായ്, പെരിയ, ബിരിക്കുളം തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് കുടില്‍വ്യവസായമായ പരമ്പരാഗത മണ്‍പാത്ര നിര്‍മാണവുമായി ഉപജീവനം നടത്തിവന്നിരുന്നത്.നെല്‍വയലുകളിലെ മണ്ണും ചേടി മണ്ണും കൂട്ടികലര്‍ത്തി കുഴച്ച് കുഴമ്പുരൂപത്തിലാക്കി കൈ കൊണ്ടു വിവിധ തരങ്ങളിലുള്ള പാത്രങ്ങള്‍ ഉണ്ടാക്കിയ ശേഷം വലിയ അടുപ്പില്‍ പുല്ലും വിറകും ഉപയോഗിച്ചു വേവിച്ച് എടുക്കുകയാണു പതിവ്.
പുല്ലിനും വിറകിനും വിലകൂടിയതും അസംസ്‌കൃത വസ്തുക്കള്‍ കിട്ടാത്തതും ഈ മേഖലയെ തളര്‍ത്തിയതായി കഴിഞ്ഞ 60 വര്‍ഷത്തോളമായി മണ്‍പാത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന പൈക്കയിലെ കൃഷ്ണന്‍ (75) തേജസിനോടു പറഞ്ഞു.
എന്നിരുന്നാലും വിഷുവിനും ഉല്‍സവ വേളകളിലും പാത്രങ്ങളുണ്ടാക്കി ഇദ്ദേഹം കാസര്‍കോട് ബിഇഎം സ്‌കൂള്‍ പരിസരത്തെത്തി വില്‍പന നടത്തും. നേരത്തേ കന്യാകുമാരിയില്‍ നിന്നു ഗുണനിലവാരം കുറഞ്ഞ മണ്‍കലങ്ങള്‍ മലബാറില്‍ എത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ ഇതും നിലച്ചിരിക്കുകയാണ്.
കലം, കൂജ, കറിച്ചട്ടി തുടങ്ങി നിരവധി മണ്‍പാത്രങ്ങളാണ് ഈ ഭാഗങ്ങളില്‍ ഉണ്ടാക്കുന്നത്. മുന്‍കാലങ്ങളില്‍ തലയില്‍ ചുമന്നുകൊണ്ടുപോയി സ്ത്രീകള്‍ വീടുവീടാന്തരം കയറിയിറങ്ങിയാണു മണ്‍കലങ്ങള്‍ വില്‍പന നടത്തിയിരുന്നത്.
എന്നാല്‍ പുതിയ തലമുറ ഇത്തരം തൊഴിലുകളോട് വിമുഖത പ്രകടിപ്പിക്കുകയും മറ്റു തൊഴില്‍ മേഖലകള്‍ തേടി പോവുകയും ചെയ്തതോടെ പാരമ്പരാഗത കുലത്തൊഴില്‍ അസ്തമിക്കുകയാണെന്നു കൃഷ്ണന്‍ പറഞ്ഞു.
ഭാര്യ ചോമുവിനോടൊപ്പമാണ് ഇദ്ദേഹം കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി കാസര്‍കോട് ടൗണില്‍ മണ്‍കല വില്‍പ്പനയ്‌ക്കെത്തുന്നത്. 50 മുതല്‍ 350 രൂപ വരയുള്ള ചെറുതും വലുതുമായ മണ്‍പാത്രങ്ങള്‍ വില്‍പ്പനയ്ക്കുണ്ട്.
Next Story

RELATED STORIES

Share it