പയ്യോളി മനോജ് വധം; സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അന്വേഷണം ഏറ്റെടുക്കും: സിബിഐ

കൊച്ചി: സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പയ്യോളി മനോജ് വധക്കേസ് അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സജാദ് എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി ദുരുദ്ദേശ്യപരമാണെന്ന മനോജിന്റെ ഭാര്യ കെ ടി പുഷ്പയുടെ വാദം സര്‍ക്കാര്‍ തള്ളിയതോടെയാണ് സിബിഐ നിലപാട് അറിയിച്ചത്.
സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹരജി നല്‍കിയ സജാദ് കേസിലെ ഒന്നാംപ്രതിയുടെ സുഹൃത്താണെന്നും അതിനാല്‍ ഹരജിക്കാരന് പ്രതിയുടെ കാര്യത്തില്‍ മാത്രമേ താല്‍പര്യമുണ്ടാവൂ എന്നും ചൂണ്ടിക്കാട്ടി മനോജിന്റെ ഭാര്യ പുഷ്പ വിശദീകരണം നല്‍കിയിരുന്നു. ബാഹ്യസമ്മര്‍ദ്ദംമൂലമാകാം കൊല്ലപ്പെട്ടയാളുടെ ഭാര്യ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസഫലി കോടതിയെ അറിയിച്ചു. സര്‍ക്കാരിനുവേണ്ടി ഒരേ സേനയിലെ ഇരുവിഭാഗങ്ങളുടെ വ്യത്യസ്ത അഭിപ്രായം അന്വേഷണത്തെ ബാധിക്കാവുന്ന സാഹചര്യത്തില്‍ സിബിഐയെപ്പോലൊരു വിദഗ്ധ ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമേ ഗൂഢാലോചന നടത്തി കൊലപാതകം നടപ്പാക്കിയവരെ പുറത്തുകൊണ്ടുവരാനാവൂവെന്നും സര്‍ക്കാര്‍ അറിയിച്ചു.
പയ്യോളി മനോജിന്റേത് രാഷ്ട്രീയപ്രേരിതമായ കൊലപാതകക്കേസാണ്. കേസുകളുടെ ആധിക്യംമൂലം ഇനിയും കേസുകള്‍ ഏറ്റെടുക്കാന്‍ സിബിഐക്ക് കഴിയില്ല. കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായവും ആവശ്യമായ മറ്റ് സാങ്കേതികസഹായങ്ങളും ലഭ്യമാക്കിയാല്‍ സിബിഐക്ക് കേസ് ഏറ്റെടുക്കാനാവുമോയെന്ന് ഈ ഘട്ടത്തില്‍ ജസ്റ്റിസ് ബി കെമാല്‍ പാഷ ആരാഞ്ഞു. തുടര്‍ന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ അറിയിച്ചത്.
Next Story

RELATED STORIES

Share it