പയ്യാവൂര്‍ കണ്ണീര്‍ക്കടലായി; പൊന്നോമനകള്‍ ഒറ്റക്കല്ലറയില്‍

പയ്യാവൂര്‍(കണ്ണൂര്‍): പയ്യാവൂരിനെ കണ്ണീര്‍ക്കടലാക്കി മരണത്തിലും വേര്‍പിരിയാത്ത പൊന്നോമനകള്‍ക്ക് തിരൂര്‍ സെന്റ് ഫ്രാന്‍സിസ് അസ്സീസി സെമിത്തേരിയിലെ ഒറ്റ കല്ലറയില്‍ അന്ത്യനിദ്ര. പയ്യാവൂര്‍ ചമതച്ചാലില്‍ കഴിഞ്ഞ ദിവസം മുങ്ങിമരിച്ച അഞ്ചു കുരുന്നുകളുടെയും മൃതദേഹങ്ങള്‍ ഒരുനോക്കു കാണാന്‍ നാട് ഒന്നാകെയെത്തി. ചമതച്ചാലിനു സമീപം ശനിയാഴ്ച വൈകീട്ടാണ് ബന്ധുക്കളായ അഞ്ചു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചത്.
ബന്ധുക്കളുടെ അഭ്യര്‍ഥന മാനിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ ഒമ്പതിന് പയ്യാവൂര്‍ സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും തുടര്‍ന്ന് ഇരൂഡ് സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളിലും പൊതുദര്‍ശനത്തിനു വച്ചു. തിരൂര്‍ സെന്റ് അസ്സീസി പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് മൃതദേഹങ്ങള്‍ എത്തിച്ചപ്പോള്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
വൈകീട്ട് 5.30ഓടെ പള്ളിയിലെ സെമിത്തേരിയില്‍ ഒരുക്കിയ കല്ലറയില്‍ സംസ്‌കരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ക്ക് കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it