kannur local

പയ്യന്നൂര്‍ മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി; എംഎല്‍എയുടെ നിരാഹാരം 10 മുതല്‍

പയ്യന്നൂര്‍: പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ റോഡുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സി കൃഷ്ണന്‍ എംഎല്‍എ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന ഇടത് മുന്നണി അടിയന്തര യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഈ മാസം 10 മുതല്‍ വെള്ളൂര്‍-പാടിയോട്ടുചാല്‍-പുളിങ്ങോം റോഡ് തുടങ്ങുന്ന കണ്ടോത്ത് മുക്കിലായിരിക്കും സമരം.
റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരേ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പലതവണ നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല. ഫണ്ട് ലഭ്യതപ്രകാരം പണി ആരംഭിക്കുമെന്നായിരുന്നു നിയമസഭാ ചോദ്യോത്തര വേളയില്‍ വകുപ്പുമന്ത്രിയുടെ മറുപടി. പയ്യന്നൂര്‍ മണ്ഡലത്തില്‍ 260 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 36 പ്രധാന റോഡുകളുണ്ട്. ഇവയെല്ലാം പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം മണ്ഡലത്തില്‍ ഒരുരൂപ പോലും റോഡുകള്‍ക്ക് ചെലവഴിച്ചിട്ടില്ലെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.
മലയോര മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന വെള്ളൂര്‍-പാടിയോട്ടുചാല്‍-പുളിങ്ങോം റോഡിലൂടെ നിരവധി വാഹനങ്ങളാണ് ദിനേന കടന്നുപോവുന്നത്. മേത്തുരമ്പ-ചപ്പാരപ്പടവ്-കുറ്റൂര്‍, ചെറുതാഴം-കുറ്റൂര്‍-പെരിങ്ങോം, സ്വാമിമുക്ക്-പുത്തൂര്‍-പെരളം, ചെറുപുഴ-തിരുമേനി തുടങ്ങിയ റോഡുകളെല്ലാം തകര്‍ന്നിരിക്കുകയാണ്. 10ന് ആരംഭിക്കുന്ന സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ 14ന് പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കാനും തീരുമാനിച്ചു.
സമരത്തിന്റെ ഭാഗമായി 10ന് 500 കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടത്തും. 11ന് നഗരസഭാ ജനപ്രതിനിധികള്‍ ഉപവസിക്കും. വാര്‍ത്താസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലന്‍, ടിഐ മധുസൂദനന്‍, കെ രാഘവന്‍, ടി സി വി ബാലകൃഷ്ണന്‍, പി ജയന്‍, ടി പി സുനില്‍കുമാര്‍, എം രാമകൃഷ്ണന്‍, കെ എം ബാലകൃഷ്ണന്‍, പറവൂര്‍ നാരായണന്‍, ഇഖ്ബാല്‍ പോപുലര്‍, കെ സി ലതികേഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it