kannur local

പയ്യന്നൂര്‍ ഉപജില്ല മുന്നില്‍

കണ്ണൂര്‍: കൗമാരക്കുതിപ്പിന്റെ പുതിയ വേഗവും ദൂരവും സമയവും കുറിച്ച് റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് കണ്ണൂര്‍ പോലിസ് മൈതാനിയില്‍ കൊടിയേറ്റം. 15 ഉപജില്ലകളില്‍നിന്ന് ആണ്‍-പെണ്‍ വിഭാഗങ്ങളിലായി 2456 പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന മേളയുടെ ആദ്യദിനമായ ഇന്നലെ 44 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ പയ്യന്നൂര്‍ ഉപജില്ല മുന്നേറ്റം തുടങ്ങി. 5 സ്വര്‍ണവും 10 വെള്ളിയും 7 വെങ്കലവും ഉള്‍പ്പെടെ 80 പോയിന്റാണ് പയ്യന്നൂരിന്റെ സമ്പാദ്യം. 5 സ്വര്‍ണവും 4 വെള്ളിയും 2 വെങ്കലവും ഉള്‍പ്പെടെ 47 പോയിന്റുമായി ഇരിട്ടി ഉപജില്ലയാണ് തൊട്ടുപിന്നില്‍.
4 സ്വര്‍ണവും 1 വെള്ളിയും 8 വെങ്കലവുമടക്കം 41 പോയിന്റോടെ തളിപ്പറമ്പ് മൂന്നാം സ്ഥാനത്തുമുണ്ട്. കണ്ണൂര്‍ നോര്‍ത്ത്, കൂത്തുപറമ്പ് ഉപജില്ലകള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ്. സ്‌കൂള്‍ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോഴിച്ചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തന്നെയാണ് ഇക്കുറിയും മുന്നില്‍-32 പോയിന്റ്. ആദ്യദിനത്തില്‍ 3 സ്വര്‍ണവും 5 വെള്ളിയും 2 വെങ്കലവും അവര്‍ വാരിക്കൂട്ടി.
2 സ്വര്‍ണവും ഒന്നുവീതം വെള്ളിയും വെങ്കലവും ഉള്‍പ്പെടെ 14 പോയിന്റോടെ എളയാവൂര്‍ സിഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്‌കൂളാണു രണ്ടാംസ്ഥാനത്ത്. 10 പോയിന്റോടെ നിര്‍മലഗിരി റാണിജെയ് സ്‌കൂള്‍ മൂന്നാം സ്ഥാനത്തും തുടരുന്നു.
മേളയുടെ ഉദ്ഘാടനം എ പി അബ്ദുല്ലക്കുട്ടി എംഎല്‍എ നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ സി സമീര്‍ അധ്യക്ഷത വഹിച്ചു. ഡിഡിഇ ഇ വസന്തന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലിഷ ദീപക്, കെ കെ ശോഭന, കെ എം കൃഷ്ണദാസ്, ഡോ. ശശീന്ദ്രന്‍ കുനിയില്‍, പി കെ അബ്ദുര്‍റഹ്മാന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it