പയ്യന്നൂരില്‍ എസ്എസ്എല്‍സി ഐടി ചോദ്യപേപ്പര്‍ ചോര്‍ന്നു

കണ്ണൂര്‍: മാതമംഗലം ഗവ. ഹൈസ്‌കൂളില്‍ എസ്എസ്എല്‍സി ഐടി പൊതുപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. സോഫ്റ്റ്‌വെയറിന്റെ പാസ്‌വേഡ് ഉപയോഗിച്ച് സെറ്റുകളായി തിരിച്ച ഒമ്പത് ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. പരീക്ഷയ്ക്ക് ഒരുദിവസം മുമ്പാണു സംഭവം.
ഇതേ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചാണ് ചോര്‍ത്തിയത്. വിവിധ സെറ്റ് ചോദ്യങ്ങള്‍ ഉണ്ടാവുമെന്നതിനാല്‍ ഒമ്പത് വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പറില്‍ ലോഗ് ഇന്‍ ചെയ്യുകയും ചോദ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ചോദ്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളുടെ രൂപത്തിലാണ് ഇവ പുറത്തായത്. പയ്യന്നൂരിലെ ഒരു എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ചോദ്യപേപ്പര്‍ ആദ്യം ലഭിച്ചത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ മറ്റൊരു വിദ്യാലയത്തിലെ വിദ്യാര്‍ഥിക്ക് കിട്ടിയതോടെയാണ് സംഭവം പുറത്തായത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളിലെ അധ്യാപകന്‍ രാജേഷ്, പരീക്ഷാ ചീഫ് സൂപ്രണ്ട് മാതമംഗലം സ്‌കൂളിലെ പ്രധാനാധ്യാപിക എന്നിവര്‍ക്കെതിരേ നടപടിക്ക് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ഇതിനായി അഡീഷനല്‍ ഡിപിഐ ജോണ്‍സണെ മന്ത്രി അബ്ദുറബ്ബ് ചുമതലപ്പെടുത്തി.
തളിപ്പറമ്പ്, കണ്ണൂര്‍ ഡിഇഒമാരുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സോഫ്റ്റ്‌വെയര്‍ ചോര്‍ത്തിയതായി കരുതുന്ന രാജേഷിന് കുറ്റപത്രം നല്‍കിയശേഷം നടപടിയെടുക്കാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. പ്രധാനാധ്യാപികയ്‌ക്കെതിരേ ഡിപിഐയാണ് നടപടി സ്വീകരിക്കേണ്ടത്.
Next Story

RELATED STORIES

Share it