kannur local

പയ്യന്നൂരിലും വളപട്ടണത്തും സിപിഎം ഓഫിസ് ആക്രമിച്ചു

പയ്യന്നൂര്‍: പയ്യന്നൂരിലും വളപട്ടണത്തും സിപിഎം ഓഫിസുകള്‍ക്കു നേരെ അതിക്രമം. പയ്യന്നൂരിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസായ ഗാന്ധി പാര്‍ക്കിനു സമീപത്തെ എകെജി മന്ദിരവും മാവിച്ചേരിയിലെ ഷേണായിസ് മന്ദിരത്തിനും നേരെ ഇന്നലെ പുലര്‍ച്ചെയോടെയാണ് അതിക്രമമുണ്ടായത്.
ഓഫിസിന്റെ ചുമരുകള്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. മുന്‍വശത്തെ വാതിലിലും ചുമരിലും വരാന്തയിലും കരിഓയില്‍ ഒഴിച്ചിട്ടുണ്ട്. ഓഫിസിലുണ്ടായിരുന്നവര്‍ ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയെങ്കിലും അക്രമികള്‍ രക്ഷപ്പെട്ടു. ഷേണായിസ് മന്ദിരത്തിന്റെ ചുമരിലും രണ്ടാംനിലയിലേക്കും കരിഓയില്‍ പ്ലാസ്റ്റിക് കവറില്‍ കെട്ടി എറിയുകയായിരുന്നു.
വാഹനത്തിലെത്തിയ സംഘമാണ് അക്രമത്തിനു പിന്നിലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലിസ് സ്ഥലത്തെത്തി പരിശോധിച്ചു. ഏരിയാ കമ്മിറ്റി ഓഫിസ് സെക്രട്ടറി എം കരുണാകരനും ഷേണായിസ് മന്ദിരത്തിനു നേരെയുള്ള അക്രമത്തില്‍ ലോക്കല്‍ സെക്രട്ടറി പി വി മോഹനനും പയ്യന്നൂര്‍ പോലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് അതിക്രമത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.
വളപട്ടണം ടൗണിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ എതിര്‍വശം ഒന്നാം നിലയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ഓഫിസിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയ സംഘം മേശ, ടെലിവിഷന്‍, അലമാര തുടങ്ങിയവ അടിച്ച് തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണു സംഭവം. ലീഗ് പ്രവകര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. ലോക്കല്‍ സെക്രട്ടറി സലീം വളപട്ടണം പോലിസില്‍ പരാതി നല്‍കി. ഇക്കഴിഞ്ഞ 27ന് മില്‍ റോഡിലെ പാലോട്ടുവയലില്‍ ശാഖാ യൂത്ത് ലീഗ് ഓഫിസ് ഒരു സംഘം ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് സിപിഎം ഓഫിസ് ആക്രമിച്ചതെന്നാണു നിഗമനം.
അതേസമയം, കഴിഞ്ഞ ദിവസം പുലര്‍ച്ചെ സിപിഎം പെരളശ്ശേരി ലോക്കല്‍ കമ്മിറ്റിക്കു നേരെയും അക്രമം നടന്നിരുന്നു. ഓഫിസിന്റെ മുന്‍വശത്തെ അഞ്ച് ജനല്‍ ചില്ലുകള്‍ മരക്കഷണം ഉപയോഗിച്ച് തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ചക്കരക്കല്ല് പോലിസ് അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it