പയര്‍, പരിപ്പ് വില ഉയരുന്നു; പച്ചക്കറി വിലയില്‍ ഇടിവ്

നിഷ ദിലീപ്

കൊച്ചി: സംസ്ഥാനത്ത് പരിപ്പുവര്‍ഗങ്ങളുടെ വില ഉയരുന്നു. ഇവ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടായ കാലാവസ്ഥാ വ്യതിയാനമാണു പരിപ്പ് ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചത്. തുവരപ്പരിപ്പ്, ഉഴുന്ന്, ചെറുപയര്‍ എന്നിവയുടെ വിലയിലാണു വന്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. ഓണത്തിന് ഉണ്ടായിരുന്നതിനേക്കാള്‍ 20 മുതല്‍ 60 രൂപ വരെ വില വര്‍ധനവാണ് ഓരോന്നിനും ഉണ്ടായിട്ടുള്ളത്. 90 രൂപയുണ്ടായിരുന്ന ഒരു കിലോ തുവരപ്പരിപ്പിന് ഇപ്പോള്‍ 162 രൂപയാണു വില. ചെറുപയറിന് ഓണസീസണില്‍ 90 രൂപയായിരുന്നത് ഇപ്പോള്‍ 110 രൂപയായി. 80 രൂപയുണ്ടായിരുന്ന ഉഴുന്നിന് ഇപ്പോള്‍ ഇരട്ടിയിലധികം വില ഉയര്‍ന്നു. ഒരു കിലോ ഉഴുന്നിന് 168 രൂപയാണു വില. കടല-70, വന്‍പയര്‍-70 എന്നിങ്ങനെയാണു മറ്റുള്ളവയുടെ വില. ഡല്‍ഹിയില്‍ പരിപ്പുവില കിലോയ്ക്ക് 160 രൂപവരെയായി ഉയര്‍ന്ന സാഹചര്യത്തില്‍ കേരളത്തില്‍ വരുംദിവസങ്ങളില്‍ 200 രൂപവരെയാവാന്‍ സാധ്യത ഉണ്ടെന്നു വ്യാപാരികള്‍ പറയുന്നു.

ആവശ്യത്തിനു പരിപ്പ് ലഭ്യമല്ലാത്തതാണു കേരളത്തില്‍ വില ഉയരാന്‍ കാരണം. മഞ്ഞളാണു വില കുത്തനെ ഉയര്‍ന്ന മറ്റൊരു അവശ്യവസ്തു. കഴിഞ്ഞമാസം ക്വിന്റലിന് 7,100 രൂപ വിലയുണ്ടായിരുന്ന മഞ്ഞളിന് ഇപ്പോള്‍ 8,500 രൂപയാണു വില. കറിപ്പൊടി കമ്പനികള്‍ വന്‍തോതില്‍ മഞ്ഞള്‍ സംഭരിച്ചുവച്ചതോടെയാണു മഞ്ഞള്‍ വില ഉയര്‍ന്നത്. പരിപ്പ്, പയര്‍ വിലയില്‍ മുന്നേറ്റം ഉണ്ടായപ്പോള്‍ വിപണിയില്‍ പച്ചക്കറിവില കുറഞ്ഞതാണ് ഉപഭോക്താക്കള്‍ക്കു നേരിയ ആശ്വാസം നല്‍കുന്നത്. 25 രൂപയില്‍ നിന്നും 90 രൂപയിലേക്കു കുത്തനെ ഉയര്‍ന്ന സവാളവില കുറഞ്ഞ് 50 രൂപയില്‍ എത്തി. ഉത്തരേന്ത്യയില്‍ നിന്നുള്ള സവാള വരവ് കുറഞ്ഞതുമൂലമാണ് സവാളവില നേരത്തെ ഉയര്‍ന്നത്. മറ്റിടങ്ങളില്‍ നിന്നും സവാള എത്തിയതോടെയാണു വില കുറഞ്ഞതെന്നു വ്യാപാരികള്‍ പറഞ്ഞു. മറ്റു പച്ചക്കറികളുടെ വിലയും കുറഞ്ഞിട്ടുണ്ട്. തക്കാളി-30, പച്ചമുളക്-24, ക്യാരറ്റ്-32, ബീറ്റ്‌റൂട്ട്-42 എന്നിങ്ങനെയാണു വിലനിലവാരം.

വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള കാന്താരിമുളകിനാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വില. കിലോയ്ക്ക് 200 രൂപവരെയുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ജൈവപച്ചക്കറികൃഷി വ്യാപകമായതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറിവരവില്‍ 20 ശതമാനം കുറവുണ്ടായിട്ടുണ്ട്. കീടനാശിനിപ്രയോഗം ഇല്ലാത്തതിനാല്‍ ജൈവ പച്ചക്കറികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും വ്യാപാരികള്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവയേക്കാള്‍ അല്‍പ്പം വില കൂടുതലാണ് ജൈവപച്ചക്കറികള്‍ക്ക്. മല്‍സ്യ-മാംസാദികളുടെ വിലയിലും അടുത്തിടെ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. ബീഫ് എല്ലില്ലാത്തതിന് കിലോയ്ക്ക് 380 രൂപയാണ് എറണാകുളം മാര്‍ക്കറ്റിലെ വില. എല്ലോടുകൂടിയതിന് 360 രൂപ നല്‍കണം. ആട്ടിറച്ചി വില കിലോയ്ക്ക് 450 രൂപയാണ്. കോഴിയിറച്ചി വില കുറഞ്ഞ് 75 രൂപയില്‍ എത്തി. നെയ്മീന്‍-600 രൂപ, ചൂര-100, അയല-70, വലിയ മത്തി-100, ചെറിയ മത്തി-80 എന്നിങ്ങനെയാണു മല്‍സ്യവിപണിയില്‍ നിന്നുള്ള വിലനിലവാരം.
Next Story

RELATED STORIES

Share it