Flash News

പയര്‍വര്‍ഗങ്ങള്‍ വിലക്കുറച്ചു വില്‍ക്കാന്‍ ധാരണ

തിരുവനന്തപുരം : സംസ്ഥാനത്ത്് ഉഴുന്ന്, പരിപ്പ്, പയറുവര്‍ഗങ്ങള്‍ എന്നിവയ്ക്ക് അമിതവില ഈടാക്കുവാനോ പൂഴ്ത്തി വയ്പ്പ് നടത്തുവാനോ പാടില്ലെന്നും സിവില്‍ സപ്ലൈസ് ഡയറക്ടറുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തെ മൊത്തവ്യാപാരികള്‍, സപ്ലൈകോ പ്രതിനിധികള്‍ എന്നിവരുടെ യോഗം തീരുമാനിച്ചു. നിലവിലുള്ള വിലയില്‍ പരമാവധി വില കുറവ് വരുത്തി വില്‍ക്കാമെന്ന് വ്യാപാരികള്‍ സമ്മതിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനത്തിന്റെ ഉപഭോഗത്തിന് ആവശ്യാനുസരണം പയറുവര്‍ഗങ്ങളുടെ സ്‌റ്റോക്ക് വ്യാപാരികള്‍ ഉറപ്പ് വരുത്തേണ്ടതാണെന്നും യോഗത്തില്‍ തീരുമാനമായി.  പയറ് വര്‍ഗങ്ങളുടെയും അവശ്യ സാധനങ്ങളുടെയും ലഭ്യതയും ന്യായവിലയും ഉറപ്പ് വരുത്തുന്നതിന് മൊത്ത വ്യാപാരികളെയും ഇതുമായി ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളെയും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനപ്രതിനിധികളെയും ഉള്‍പ്പെടുത്തി കാലാകാലങ്ങളില്‍ യോഗം ചേരും.


ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുന്നതിനും പയറുവര്‍ഗങ്ങളുടെ ലഭ്യതയും ന്യായവില വിപണനവും ഉറപ്പ് വരുത്തുന്നതിനും വ്യാപാര സമൂഹത്തിന്റെ സഹകരണം ഉണ്ടാകണമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു. പയറുവര്‍ഗങ്ങളുടെ അമിത വില, പൂഴ്ത്തിവയ്പ് എന്നിവ സംബന്ധിച്ച പരാതികള്‍ അതത് ജില്ലയിലെ ജില്ലാ സപ്ലൈ ഓഫീസര്‍മാരെ അറിയിക്കാവുന്നതാണെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it