Pathanamthitta local

പമ്പ: മലിനീകരണ ബോര്‍ഡ് റിപോര്‍ട്ട് സമര്‍പ്പിച്ചു

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് ഉല്‍സവത്തോടനുബന്ധിച്ച് ശബരിമലയില്‍ എത്തുന്ന ഭക്തര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതു മൂലമുണ്ടാവുന്ന പമ്പാ മലനീകരണം 70 ശതമാനം വരെ തടയാന്‍ കഴിഞ്ഞെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ഉത്തരവിനൊപ്പം കോടതി ആവശ്യപ്പെട്ടതനുസരിച്ച് ഇന്നലെ സമര്‍പ്പിച്ച നടപടി റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നടപടിയുടെ ഭാഗമായി കേരളത്തിനൊപ്പം തമിഴ്‌നാട്, ആന്ധ്ര,കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ദൂരദര്‍ശന്‍ വഴിയും ഓള്‍ ഇന്ത്യാ റേഡിയോ വഴിയും അറിയിപ്പ് നല്‍കി. പമ്പയില്‍ വസ്ത്രം നിക്ഷേപിക്കുന്നവരെ കണ്ടുപിടിക്കാനും കോടതി ഉത്തരവ് ലംഘിച്ചാലുള്ള പ്രശ്‌നങ്ങളെപറ്റി ഇവരെ ബോധവല്‍ക്കരിക്കാനും പോലിസിന്റെ സഹായത്തോടെ പത്ത് എന്‍എസ്എസ് വോളന്റിയര്‍മാരെ നിയോഗിച്ചു തുടങ്ങിയ വിവരങ്ങള്‍ ഹൈകോടതിയെ ബോധ്യപ്പെടുത്തി.
എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്കൊപ്പം 30 പോലിസുകാരെക്കൂടി നിയോഗിക്കണമെന്ന ബോര്‍ഡിന്റെ അഭിപ്രായവും റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സന്നിധാനം ശരണമുഖരിതം ആയതിനാല്‍ ഇവിടെ നടത്തുന്ന അനൗണ്‍സ്‌മെന്റുകള്‍ ഭക്തര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
അതിനാല്‍ പോലിസ് പാര്‍ക്കിങ് പാസ് നല്‍കുന്നതിന് വാഹനങ്ങള്‍ തടയുന്ന ചാലക്കയത്തു വച്ച് ഉത്തരവ് സംബന്ധിച്ച ലഘുലേഘകള്‍ വിതരണം ചെയ്യണം. ഇവിടെ ജില്ലാ ഭരണകൂടം നിയോഗിക്കുന്ന വോളന്റിയേഴ്‌സിനെ മൂന്ന് ഷിഫ്റ്റുകളില്‍ വിന്യസിക്കണം.
നിലവിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നുള്ള മാലിന്യം ഒഴുകിയെത്തുന്നതാണ് പമ്പ മലിനമാവാന്‍ പ്രധാന കാരണം. അതിനാല്‍ നിലയ്ക്കലില്‍ പുതിയ പ്ലാന്റ്‌നിര്‍മിക്കണം. പമ്പയിലെ പ്ലാന്റ് പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാക്കണം. തുടങ്ങിയ അഭിപ്രായങ്ങളും റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പ്ലാന്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചുണ്ടായ വീഴ്ചകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്കു ശേഷം ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ബോര്‍ഡ് യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it