Kollam Local

പമ്പിങ് മുടങ്ങി;കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം

പാരിപ്പള്ളി:വേനല്‍ കടുത്തതോടെ കല്ലുവാതുക്കല്‍ പഞ്ചായത്തിലെ 23 വാര്‍ഡുകളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളമെത്തിച്ചിരുന്ന ജലഅതോറിറ്റിയുടെ കല്ലുവാതുക്കല്‍ കുടിവെള്ള പദ്ധതിയുടെ പമ്പിങ് ഒരാഴ്ചയായി മുടങ്ങിയത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ജപ്പാന്‍ കുടിവെള്ള പദ്ധതി കടന്നുവരാത്ത പഞ്ചായത്തായതിനാല്‍ ആ വഴിക്കുള്ള ജലലഭ്യതയും ഇവിടെയില്ല. പാമ്പുറം,കോട്ടക്കേറം,കുളത്തൂര്‍കോണം,കല്ലുവാതുക്കല്‍,ചിറക്കര, മീനമ്പലം,മേവനക്കോണം,നടയ്ക്കല്‍,വട്ടക്കുഴിക്കല്‍,ഊറ്റുകുഴി തുടങ്ങിയ പ്രദേശങ്ങളില്‍ ജലഅതോറിറ്റിയുടെ കുടിവെള്ളപദ്ധതിയായിരുന്നു ആശ്രയം. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ വെള്ളമെത്തിക്കാന്‍ കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നെങ്കിലും ഇക്കുറി അതുണ്ടായിട്ടില്ല. അതേസമയം പമ്പ് കേടായത് മൂലമാണ് ജലവിതരണം തടസപ്പെട്ടതെന്നും കഴിഞ്ഞ ദിവസം പമ്പിങ് പുനരാരംഭിച്ചതായും ജലഅതോറിറ്റി അധികൃതര്‍ അറിയിച്ചു.
കാലഹരണപ്പെട്ട ടാങ്കും പൈപ്പ് ലൈനുകളുമാണ് കല്ലുവാതുക്കല്‍ കുടിവെള്ള പദ്ധതിയിലുള്ളത്. ഇത്തിക്കര ആറിന്റെ അടുതല ഭാഗത്ത് ആറ്റില്‍ കിണര്‍ കുത്തിയാണ് ടാങ്കിലേക്ക് വെള്ളമെത്തിക്കുന്നത്. പാമ്പുറം കുന്നിന്‍മുകളിലുള്ള ടാങ്ക് പൊട്ടിപൊളിഞ്ഞ് ഏത് നിമിഷവും നിലം പതിക്കാവുന്ന സ്ഥിതിയിലാണ്. ടാങ്കിന്റെ പരിധിയില്‍ കവിഞ്ഞ് കുടിവെള്ള കണക്ഷന്‍ നല്‍കിയതിനാല്‍ കോട്ടക്കേറം വാര്‍ഡില്‍ ഉള്‍പ്പെടെ നൂല്‍വണ്ണത്തിലാണ് വെള്ളമെത്തുന്നത്. കൂടാതെ മൊത്തം കണക്ഷനെ രണ്ടായി തിരിച്ച് ഓരോ ദിവസവും ഓരോ ഭാഗത്താണ് ജലം തുറന്ന് വിടുന്നത്. പഴയ പമ്പ് ഉപയോഗിച്ച് അടുതല ആറ്റില്‍ നിന്ന് വെള്ളം ടാങ്കിലെത്തിക്കാന്‍ നിലവില്‍ ഇരുപത് മണിക്കൂര്‍ വേണം. പുതിയ പമ്പിനായുള്ള കാത്തിരിപ്പിന് ഇതുവരെ പരാഹാരമായില്ല. കൂടാതെ അടുതലയിലെ ട്രാന്‍സ്‌ഫോര്‍മറിന്റെ ശേഷി കൂട്ടിയാലെ പുതിയ പമ്പ് പ്രവര്‍ത്തിപ്പിക്കാനും കഴിയൂ. ആറ്റിലും കിണറ്റിലും വെള്ളം താഴ്ന്നത് മൂലം ബണ്ട് നിര്‍മിച്ച് വേണം ജലലഭ്യത ഉറപ്പാക്കാന്‍. പഞ്ചായത്തില്‍ ജപ്പാന്‍വെള്ളം എത്തിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിയതായാണ് സൂചന.ഇത് യാഥാര്‍ഥ്യമായാല്‍ പഞ്ചായത്തിന്റെ വരള്‍ച്ചയ്ക്ക് വലിയൊരളവുവരെ പരാഹാരമാകും.
Next Story

RELATED STORIES

Share it