Kottayam Local

പമ്പാവാലിക്ക് ഉപാധികളില്ലാതെ പട്ടയം; 20ന് പട്ടയമേള

കണമല: പട്ടയത്തിന് വേണ്ടി പമ്പാവാലിയിലെ കര്‍ഷക തലമുറയുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പ് ഈ മാസം 20 ന് ചരിത്രമാവും. അന്ന് കോട്ടയത്ത് നടക്കുന്ന പട്ടയമേളയില്‍ വിതരണം ചെയ്യാന്‍ പമ്പാവാലിയിലെ കര്‍ഷക കുടുംബങ്ങളുടെ അപേക്ഷയില്‍ ഉപാധിരഹിത പട്ടയത്തിന്റെ സര്‍ക്കാര്‍ സീല്‍മുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുന്ന ജോലിയിലാണ് ഇപ്പോള്‍ റവന്യൂ ഉദ്യോഗസ്ഥര്‍.
1978 മുതല്‍ മുന്‍കാല പ്രാബല്യം അനുവദിച്ചാണ് പട്ടയം നല്‍കുകയെന്ന് റവന്യൂവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതിനായി 1978 മുതല്‍ 2016 വരെയുള്ള കരവും കുടിശ്ശികയും പട്ടയത്തിന്റെ ഫീസിനൊപ്പം കര്‍ഷകര്‍ നല്‍കണം. ഈ തുക നാമമാത്രമായിരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇപ്പോള്‍ ആദ്യഘട്ട ലിസ്റ്റിലെ 182 കുടുംബങ്ങള്‍ പട്ടയ ഫീസ് നല്‍കി കഴിഞ്ഞു. രണ്ടാംഘട്ട ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഈ ലിസ്റ്റിലുള്ളവര്‍ പണമടയ്ക്കുന്നതോടെ ഇവര്‍ക്കുള്ള പട്ടയം വിതരണത്തിന് തയ്യാറാക്കും. തൊട്ടുപിന്നാലെ അവശേഷിച്ച കുടുംബങ്ങളുടെ ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കും. പട്ടയമേള 20 ന് നടക്കുമ്പോള്‍ കുറഞ്ഞത് 600 കുടുംബങ്ങളെങ്കിലും പട്ടയം നല്‍കണമെന്ന ലക്ഷ്യത്തില്‍ വളരെ വേഗത്തിലാണ് റവന്യൂവകുപ്പ് നടപടി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
ആകെ 924 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനായി സര്‍വേ നടപടികള്‍ കഴിഞ്ഞമാസം 20 ന് പൂര്‍ത്തിയാക്കിയിരുന്നു. 20 ന് ജില്ലാതല മേളകളില്‍ പട്ടയം വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചതനുസരിച്ച് നടപടി വേഗത്തിലാക്കുകയായിരുന്നവെന്ന് കലക്ടര്‍ യു വി ജോസ് പറഞ്ഞു. എയ്ഞ്ചല്‍വാലിയില്‍ നാട്ടുകാര്‍ നല്‍കിയ ഓഫിസിലായിരുന്നു ആറുമാസമായി റവന്യൂ ഉദ്യോഗസ്ഥര്‍ സ്‌പെഷ്യല്‍ ഓഫിസാക്കി ക്യാംപ് ചെയ്ത് സര്‍വേ നടപടി പൂര്‍ത്തീകരിച്ചത്.
പമ്പാവാലിയില്‍ കര്‍ഷകര്‍ കുടിയേറുന്നത് രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷമാണ്. അധികാരത്തിലേറിയ ആദ്യ ജനാധിപത്യ സര്‍ക്കാര്‍ നേരിട്ട വെല്ലുവിളിയായിരുന്നു ഇന്ത്യയുടെ പട്ടിണി. തീവ്ര ഭക്ഷ്യോല്‍പാദനമല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. റിസര്‍വ് വനങ്ങള്‍ അതോടെ കാര്‍ഷിക മേഖലയായി.
പമ്പാനദിയുടെ തീരത്തെ പമ്പാവാലി അന്ന് നിബിഡവനമായിരുന്നു. വന്യമൃഗങ്ങള്‍ വിഹരിച്ചിരുന്ന ആ കാട്ടില്‍ ഒരു പറ്റം കുടുംബങ്ങളെ ഗ്രോമോര്‍ ഫുഡ്ഡ് പദ്ധതിക്കായി കുടിയിരുത്തിയത് അങ്ങനെയാണ്. ദൗത്യവുമായി വനത്തിലെത്തിയ പലരും തുടക്കത്തില്‍ തന്നെ വന്യ മൃഗങ്ങള്‍ക്കിരയായി. ആ കഷ്ടപ്പാടുകളിലൂടെ നെല്ലും ധാന്യങ്ങളും രാജ്യത്തിന് വരദാനമായി ഒഴുകിയതിനൊപ്പം ഒരു ജനവാസ മേഖലയും രൂപപ്പെട്ടു.
ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, റബറൈസ്ഡ് റോഡുകള്‍, സ്വന്തമായി വൈദ്യു തി, ജനകീയ കോസ്‌വേ പാലങ്ങള്‍, ബാങ്കുകള്‍ അങ്ങനെ കാര്‍ഷിക അധ്വാനത്തിലൂടെ നാട് മുന്നേറിയപ്പോഴും സ്വന്തം ഭൂമിയില്‍ ഉടമസ്ഥാവകാശമില്ലാത്ത ആശ്രിതരായിരുന്നു ആ കര്‍ഷകര്‍.
ആ കുടുംബങ്ങളുടെ ജീവിത സ്വപ്‌നമായിരുന്ന പട്ടയമാണ് ആറര പതിറ്റാണ്ടിന് ശേഷം എല്ലാ നടപടികളും ജയിച്ച് ഇനി പുതിയ തലമുറയുടെ കൈകളിലെക്കെത്താന്‍ പോകുന്നത്.
Next Story

RELATED STORIES

Share it