പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ വിധി നിര്‍ണയിക്കുന്നവരാവണം: ജ. ഉദയ് ലളിത്

കൊച്ചി: ജുഡീഷ്യല്‍ സംവിധാനത്തില്‍ പോസ്റ്റ് ഓഫിസിന്റെ കര്‍ത്തവ്യമല്ല പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടേതെന്നും അവര്‍ കേസുകളുടെ വിധി നിര്‍ണയിക്കുന്നവര്‍ ആവണമെന്നും സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് യു ഉദയ് ലളിത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 155ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രോസിക്യൂഷന്‍സ് ഡയരക്ടറേറ്റ് സംസ്ഥാനത്തെ പ്രോസിക്യൂട്ടര്‍മാര്‍ക്കായി സംഘടിപ്പിച്ച ക്രിമിനല്‍ വൈജ്ഞാനിക സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ആരുടെയെങ്കിലും വക്താക്കളാവാന്‍ പാടില്ലെന്ന് ഉദയ് ലളിത് പറഞ്ഞു. കേസന്വേഷണമോ വിചാരണയോ തെറ്റായ രീതിയിലാണ് നടക്കുന്നതെങ്കില്‍ അത് മുളയിലേ നുള്ളാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് അധികാരമുണ്ട്. അന്വേഷണ വേളയില്‍തന്നെ രേഖകളും തെളിവുകളും വിളിച്ചുവരുത്തി പരിശോധിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് സാധിക്കും. നിഷ്ഫലമായ വാദങ്ങള്‍ കുറ്റവാളികളെ രക്ഷപ്പെടാന്‍ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മാധ്യമ വിചാരണയാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ വലിയ ശത്രുവെന്ന് മുഖ്യാതിഥി ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു. നക്‌സല്‍ വര്‍ഗീസ് വധക്കേസും പാനൂര്‍ സോമന്‍ കേസും പോളക്കുളം നാരായണന്‍ കേസും ഇതിന് ഉദാഹരണങ്ങളാണ്. നക്‌സലിസം ഉന്മൂലനം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരേ അദ്ദേഹം വിരമിച്ച ശേഷം മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലും തുടര്‍ന്നു നടന്ന മാധ്യമ വിചാരണയും കെടി തോമസ് ചൂണ്ടിക്കാട്ടി. ചില പുതുതലമുറ ന്യായാധിപന്മാരും അഭിഭാഷകരും ഇക്കാര്യത്തില്‍ കുറ്റക്കാരാണ്. നക്‌സലുകളെ ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ ചെയ്തത് കൊലപാതകം അല്ലെന്ന തിരിച്ചറിവ് കേസ് കേട്ടവര്‍ക്ക് ഉണ്ടായില്ല. പോളക്കുളം നാരായണന്‍ കേസിലും മാധ്യമ വിചാരണ വിധിയെ സ്വാധീനിച്ചിരുന്നു. മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതും ജനങ്ങള്‍ വിശ്വസിച്ചതും അതൊരു കൊലപാതകമാണെന്നാണ്. എന്നാല്‍, കൊലപാതകമാ ണെന്നതിന് ഒരു തെളിവും ഉണ്ടായിരുന്നില്ല. കേസുമായി ബന്ധമില്ലാത്ത ആളുകള്‍ ചാനല്‍ ചര്‍ച്ചകളില്‍ കേസുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനെക്കാള്‍ വലിയ പാതകം വേറെയില്ലെന്ന് ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു.
പ്രോസിക്യൂഷന്‍ ഡയരക്ടര്‍ ജനറല്‍ ടി ആസഫ് അലി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it