Kollam Local

പന്‍മനയിലെ കുടിവെള്ള ക്ഷാമം: സമരത്തിനിടെ പഞ്ചായത്തംഗം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചവറ: പഞ്ചായത്ത് ഓഫിസിന് മുന്നിലെ സമരത്തിനിടെ പഞ്ചായത്തംഗം ശരീരത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പന്‍മന പഞ്ചായത്തംഗം അനില്‍ ഭരതനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇന്നലെ രാവിലെ 10.30 ഓടെ പന്‍മന പഞ്ചയാത്ത് ഓഫിസിന് മുന്നിലായിരുന്നു സംഭവം. മഴയെത്തിയിട്ടും കുറ്റിവട്ടം 23-ാം വാര്‍ഡ് നിവാസികള്‍ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാണ്.
പൈപ്പ് ലൈനുകളില്‍ ജലനിധി വെള്ളം കിട്ടാതായതോടെ നിരന്തരമായി നടത്തിയ പ്രതിഷേധത്തിനൊടുവില്‍ പഞ്ചായത്ത് ടാങ്കറില്‍ വെള്ളം എത്തിച്ച് നല്‍കിയിരുന്നു. ഇതും കിട്ടാതായതോടെ തിരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ഥിയായിരുന്ന ഷിബു ബേബി ജോണിന്റെ പ്രചരണ വാഹനം തടഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.
എന്നാല്‍ മഴക്കാലമായിട്ടും വെള്ളത്തിന് യാതൊരു നടപടികളും ഉണ്ടാകാതായതോടെയാണ് സ്ത്രീകളടക്കമുള്ളവര്‍ പഞ്ചായത്തംഗം അനില്‍ ഭരതന്റെ നേതൃത്വത്തില്‍ ഇന്നലെ പഞ്ചായത്ത് ഓഫിസിലെത്തിയത്.
ഫ്രണ്ട് ഓഫിസിനു മുന്നില്‍ ഏറെ നേരം കുത്തിയിരുന്നു പ്രതിഷേധിച്ചെങ്കിലും അധികൃതര്‍ ഇടപെട്ടില്ല.
ഇതിനിടയില്‍ പ്രതിഷേധക്കാര്‍ പഞ്ചായത്ത് ഓഫിനുള്ളിലേക്ക് തള്ളിക്കയറി. ഇതിനിടെയാണ് അനില്‍ ഭരതന്‍ ശരീരത്ത് ഒരു കന്നാസ് മണ്ണെണ്ണ ഒഴിക്കുന്നത്. കൈയില്‍ കരുതിയ തീപ്പെട്ടി എടുക്കാന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ എത്തി പിടിച്ചു മാറ്റുകയായിരുന്നു.
ഇതോടെ സമരക്കാര്‍ ബഹളമുമായി പഞ്ചായത്ത്ഓഫിസിലേക്ക് ഇടിച്ചു കയറി.
പ്രസിഡന്റ് ഉള്‍പ്പടെയുള്ളവരോട് സമരക്കാര്‍ തട്ടിക്കയറി. ഇതിനിടയില്‍ മണ്ണെണ്ണ വീണ് കണ്ണില്‍ പുകച്ചില്‍ അനുഭവപ്പെട്ടതോടെ അനിലിനെ ചവറ സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്തംഗത്തിന്റെ അഭാവത്തിലും സമരം തുടര്‍ന്നതോടെ പോലിസ് സമരക്കാരെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല.ഉച്ചയോടെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്തി.
ഒരാഴ്ചയ്ക്കകം വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ജലനിധി പദ്ധതിയില്‍ കണക്ട് ചെയ്തു നല്‍കാമെന്നും അത് വരെ ടാങ്കറില്‍ വെള്ളമെത്തിക്കാമെന്നും അറിയിച്ചതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. ലൈന്‍ കണക്ട് ചെയ്യുന്ന ജോലികള്‍ ഉച്ചയോടെ തന്നെ ആരംഭിക്കുകയും ചെയ്തു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച പഞ്ചായത്തംഗം അനില്‍ ഭരതനെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.
Next Story

RELATED STORIES

Share it