malappuram local

പന്നിത്തടം വാഹനാപകടം; രണ്ടു ഗ്രാമങ്ങളെ കണ്ണീരിലാഴ്ത്തി

വളാഞ്ചേരി: വളാഞ്ചേരി സ്വദേശികളായ വൈക്കത്തൂരിലെ മുഹമ്മദ് ഷഫീഖ് (22)ന്റെയും എടയൂര്‍ മാവണ്ടിയൂര്‍ സ്വദേശി ഹനീസ് (22)ന്റെയും അപകട മരണം രണ്ടു ഗ്രാമങ്ങളെ കണ്ണീരിലാഴ്ത്തി.
പുറമണ്ണൂര്‍ മജ്‌ലിസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായ ഇരുവരും രാവിലെ 10 മണിക്കാണു വളാഞ്ചേരിയില്‍ നിന്നും ബൈക്കില്‍ യാത്ര പുറപ്പെട്ടത്. ഇരുവരും ഒന്നിച്ച് പഠിക്കുന്നവരും സുഹൃത്തുക്കളുമാണ്.
അപകട വിവരം ഉച്ചക്ക് 12 മണിയോടെയാണ് നാട്ടില്‍ അറിയുന്നത്. കയ്യിലുണ്ടായിരുന്ന ലൈസന്‍സിലൂടെയാണ് ഇവരുടെ അഡ്രസ് തിരിച്ചറിഞ്ഞ് വളാഞ്ചേരിയുമായി ബന്ധപ്പെടുന്നത്. അപകടം അറിഞ്ഞവര്‍ മരിച്ചവരുടെ വീട്ടില്‍ എങ്ങനെ വിവരമറിയിക്കുമെന്ന ആശങ്കയിലായിരുന്നു. സുഹൃത്തുക്കളായവരും ബന്ധുക്കളും വിവരമറിഞ്ഞ് അപകടസ്ഥലത്തേക്കും കുന്ദംകുളം ആശുപത്രിയിലേക്കും യാത്ര തിരിച്ചു. ഞെട്ടലോടെയാണ് എല്ലാവരും അപകടവിവരം അറിയുന്നത്. മുഹമ്മദ് ഷഫീഖിന്റെ സഹോദരി റംഷീനയുടെ വിവാഹം ഈ മാസം 21നു നിശ്ചയിച്ചിരിക്കുകയാണ്. മൂന്നാക്കാന്‍ ഗ്രാമം ഹനീസിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് അറിഞ്ഞത്. ഹനീസിന്റെ പിതാവിനും മാതാവിനും ഏകമകനാണ് ഹനീസ്. നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു ഹനീസ്.
അപകട വാര്‍ത്തയറിഞ്ഞത് മുതല്‍ വൈക്കത്തൂരിലും മൂന്നാക്കല്‍ പ്രദേശത്തും അങ്ങാടികളില്‍ നാട്ടുകാര്‍ ഒത്തുകൂടി എന്തുചെയ്യണമെന്നറിയാതെ നെട്ടോടമോടി.
ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ കുന്ദംകുളത്തെക്കു യാത്ര തിരിച്ചു. മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിച്ച് മൂന്നാക്കല്‍ മഹല്ല് പള്ളിയിലും കിഴക്കേക്കര ജുമാമസ്ജിദിലും ഖബറടക്കും.
Next Story

RELATED STORIES

Share it