malappuram local

പന്ത്രണ്ടോളം പഞ്ചായത്തുകളില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

പൊന്നാനി: ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും മുസ്്‌ലിംലീഗ്-കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാവുന്നു. പലയിടത്തും തര്‍ക്കങ്ങള്‍ രൂക്ഷമാക്കുന്ന രീതിയിലാണ് ഓരോ പാര്‍ട്ടിയിലെയും മുതിര്‍ന്ന നേതാക്കള്‍ പ്രസ്താവനയിറക്കുന്നത്. മുസ്്‌ലിംലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറം ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സീറ്റ് വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാല്‍, ഇതംഗീകരിക്കാനാവില്ലെന്നാണ് മുസ്്‌ലിംലീഗ് നേതൃത്വം പറയുന്നത്.

ജില്ലയിലെ 12 പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്സുമായി ഒത്തുപോവാനാവാത്ത വിധം അകല്‍ച്ചയിലാണെന്നു ലീഗ് നേതൃത്വം സമ്മതിക്കുന്നു. ഈ പഞ്ചായത്തുകളില്‍ തനിച്ച് മല്‍സരിക്കാനാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം. പ്രശ്‌ന പരിഹാര ഫോര്‍മുല നിര്‍ദേശിക്കുന്നതിന് പകരം മിക്ക നേതാക്കളും പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കുന്ന രിതിയിലാണു പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നത്. വണ്ടൂരിലെ നാലു പഞ്ചായത്തുകളിലും നിലമ്പൂരിലെ മുത്തേടത്തും ഒറ്റയ്ക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് നേരത്തേ തീരുമാനമെടുത്തിരുന്നു.പൊന്നാനി മണ്ഡലത്തിലെ അലങ്കോട്, നന്നംമുക്ക്, പൊന്നാനി നഗരസഭ എന്നിവിടങ്ങളില്‍ ലീഗ്- കോണ്‍ഗ്രസ് ബന്ധം തകര്‍ന്ന നിലയിലാണ്. നന്നംമുക്ക് പഞ്ചായത്തില്‍ ഒറ്റയ്ക്ക് മല്‍സരിക്കണമെന്നാണ് പ്രവര്‍ത്തകരില്‍ നല്ലൊരു വിഭാഗവും കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുന്നത്.

വെളിയങ്കോട് പഞ്ചായത്തില്‍ മുസ്്‌ലിംലീഗിലെ ഉള്‍പ്പോര് പരിഹരിക്കാന്‍ ഇനിയും നേതൃത്വത്തിനായിട്ടില്ല. പൊന്നാനി നഗരസഭയില്‍ ലീഗിനെതിരേ കോണ്‍ഗ്രസ് പല കുറി ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ലീഗിന്റെ ശക്തികേന്ദ്രമായ ജില്ലയില്‍ കൂടുതല്‍ സീറ്റ് വേണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഉറച്ച് നിന്നാല്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ മുന്നണി ബന്ധം തകരും. ഓരോ പഞ്ചായത്തുകളിലും കണ്‍വന്‍ഷനുകള്‍ വിളിച്ചുകൂട്ടി ലിഗ് നേതൃത്വം നേരത്തേതന്നെ തിരഞ്ഞെടുപ്പിന്ന് തയ്യാറായിരുന്നു.
Next Story

RELATED STORIES

Share it