Pathanamthitta local

പന്തളത്തെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം; കുറുന്തോട്ടയം പാലം പൊളിച്ചു തുടങ്ങി

പന്തളം: പന്തളത്തുകാരുടെ തീരാശാപത്തിന് പരിഹാരമായി ഗതാഗതകുരുക്ക് സൃഷ്ടിക്കുന്ന കുറുന്തോട്ടയം പാലം ഇന്നലെ മുതല്‍ പൊളിച്ചു തുടങ്ങി. പാലത്തിന്റെ ഉപയോഗശൂന്യമായ നടപ്പാലം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കുന്ന പണിയാണ് ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയിരിക്കുന്നത്. 14 മുതല്‍ പാലവും പൊളിച്ച് നീക്കും. ശേഷം ഉണ്ടാകുന്ന ഗതാഗത പ്രശനത്തിന് പരിഹാരവും കണ്ടെത്തിയിട്ടുണ്ട്.
വടക്ക് നിന്നുംവരുന്ന വലിയ വാഹനങ്ങള്‍ കുളനട അമ്പലക്കടവ് തുമ്പമണ്‍ വഴി പന്തളം ജങ്ഷനില്‍ എത്തി പോവുന്നനതിനും തെക്ക് നിന്നുള്ള വാഹനങ്ങള്‍ പന്തളത്ത് നിന്നു തുമ്പമണ്‍ - അമ്പലക്കടവിലൂടെ കുളനട എംസി റോഡിലൂടെ സഞ്ചരിക്കുന്നതിനും ചെറിയ വാഹനങ്ങള്‍ പന്തളം -മുട്ടാര്‍-മങ്ങാരം-മണികണ്ഠന്‍ ആല്‍ത്തറവഴി സഞ്ചരിക്കുന്നതിനുമാണ് സംവിധാനങ്ങള്‍ ചെയ്തിരിക്കുന്നത്. ഇരു ചക്രവഹാന യാത്രക്കാര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ കിഴക്ക് ഭാഗത്തുകൂടി മുട്ടാര്‍ നീര്‍ചാല്‍ കടന്ന് ഷൈന്‍ ഹോട്ടലിന്റെ പിന്നിലൂടെ തോന്നല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ മുന്നിലെത്തി യാത്ര തുടരാനും കഴിയുന്ന തരത്തിലാണ് ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്.
ഒട്ടനവധി നിവേദനങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുശേഷമാണ് പാലം പണി തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.
പാലം പണിയുന്നതിനായി 4.2 കോടിരൂപ അനുവദിച്ച് ഉത്തരവ് ഇറങ്ങിയെങ്കിലും ടെന്‍ഡര്‍ നടപടി പൂര്‍ത്തികരിച്ച് കരാര്‍ ഒപ്പ് വയ്ക്കാന്‍ കാലതാമസം നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ എംഎല്‍എ വകുപ്പ് മന്ത്രിയെയും ചീഫ് എന്‍ജിനീയറെയും സമീപിച്ച് കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തി പണിതുടങ്ങുന്നതിന് സമ്മര്‍ദ്ദം ചെലിത്തുകയായിരുന്നു.
എംഎല്‍എയുടെ നേതൃത്വത്തില്‍ ആര്‍ഡിഒ കബീര്‍, പന്തളം നഗരസഭാ അധ്യക്ഷ ടി കെസതി, അംഗങ്ങളായ കെ ആര്‍ രവി, ഷാ, പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍ എസ് അനില്‍കുമാര്‍, വൈദ്യുതി ടെലികോം ജല അതോറിറ്റി ഉദ്യോഗസ്ഥര്‍, വ്യാപാരിവ്യവസായി പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘം പാലവും പരിസരവും സന്ദര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it