Pathanamthitta local

പന്തളം വലിയതോടിനു കുറുകെ പുതിയ പാലം പണിയും

പത്തനംതിട്ട: എംസി റോഡില്‍ പന്തളം ജങ്ഷന് സമീപം വലിയ തോടിന് കുറുകെ പുതിയ പാലം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചതിനാല്‍ കാലപ്പഴക്കംചെന്ന പഴയപാലം പൊളിച്ചുനീക്കി പുതിയ പാലം പണിയുന്നതിന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ എസ് ഹരികിഷോറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജൂലൈ 11ന് നിലവിലുള്ള പാലം പൊളിച്ചുനീക്കാനും ആറുമാസത്തിനുള്ളില്‍ പുതിയ പാലം പണിത് സഞ്ചാരയോഗ്യമാക്കുന്നതിനും തീരുമാനിച്ചു.
പാലം പൊളിച്ചുനീക്കുന്ന സമയം ചെറിയ വാഹനങ്ങള്‍ മണികണ്ഠനാല്‍ത്തറ- മുട്ടാര്‍ വഴിയും വലിയ വാഹനങ്ങള്‍ തുമ്പമണ്‍-അമ്പലക്കടവ്-കുളനട വഴിയും തിരിച്ചുവിടാമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പാലം പണിക്ക് തടസ്സമാവുന്ന ട്രാന്‍സ്‌ഫോമര്‍ മാറ്റി സ്ഥാപിക്കുന്നതിന് കെഎസ്ഇബിയും ടെലിഫോണ്‍ കേബിള്‍ മാറ്റി സ്ഥാപിക്കുന്നതിന് ബിഎസ്എന്‍എലും ജലവിതരണം തടസ്സപ്പെടാതെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയും എസ്റ്റിമേറ്റ് തയ്യാറാക്കി തുടര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.
പന്തളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി കെ സതി, കൗണ്‍സിലര്‍ കെ ആര്‍ രവി, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജെ അനില്‍കുമാര്‍, ഡി ജയിംസ്, വി ഐ നസീം പങ്കെടുത്തു.
Next Story

RELATED STORIES

Share it