palakkad local

പനമ്പറ്റ കോളനിയില്‍ ഫണ്ട് വെട്ടിപ്പെന്ന് ആക്ഷേപം

സി കെ ശശി ചാത്തയില്‍

ആനക്കര: സ്വയം പര്യാപ്ത ഗ്രാമമായി തിരഞ്ഞെടുത്ത തൃത്താല പനമ്പറ്റ ഐഎച്ച്ഡിപി കോളനിയില്‍ 1 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും എന്ന പ്രഖ്യാപനം പാഴ്‌വാക്കാവുന്നതായും സാമ്പത്തിക വെട്ടിപ്പ് നടക്കുന്നതായും ആക്ഷേപം.
ഒരുകോടി രൂപ മുടക്കി 30 വീടുകളുടെ റിപ്പയറിങ് 1,50,07300.42 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി 270 മീറ്റര്‍ റോഡ് പുതുക്കി പണിയാന്‍ 3,07,321.30 രൂപയും 815 മീറ്റര്‍ റോഡ് കോണ്‍ഗ്രീറ്റ് ചെയ്യാന്‍ 37,64,872.13 രൂപയും പമ്പ് സെറ്റ് സ്ഥാപിക്കാന്‍ 1.86.999 രൂപയും വാട്ടര്‍ സപ്ലൈ 9,98,411.77 രൂപയും പൈപ്പ് സ്ഥാപിക്കാന്‍ 13,68,840 രൂപയും കുഴല്‍ കിണര്‍ സ്ഥാപിക്കാന്‍ 3,75,124 രൂപയും റോഡിന്റേയും മറ്റും ഡ്രൈനേജിനായി 2,77,458.58 രൂപയും ഉള്‍പ്പടെ 1 കോടി രൂപയുടെ എസ്റ്റിമേറ്റായിരുന്നു അംഗീകരിച്ചിരുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനം ഏറ്റെടുത്തു നടത്താന്‍ എംഎല്‍എയുടെ താല്‍പര്യ പ്രകാരം തൈക്കാട്ടുകര അഡ്രസ്സിലുള്ള ഫോറസ്റ്റ് ഇന്‍ട്രസ്റ്റീസ് (ട്രാവന്‍കൂര്‍) ലിമിറ്റഡ് അണ്ടര്‍ടേക്കിങ് എന്ന ഏജന്‍സിയെയാണ് ഏല്‍പിച്ചത്. 3 വര്‍ഷം കഴിഞ്ഞിട്ടും എസ്റ്റിമേറ്റില്‍ പറയുന്ന വിധത്തിലുള്ള പ്രവര്‍ത്തികളൊന്നും നടത്തിയില്ല. 30 വീടുകള്‍ റിപയര്‍ ചെയ്യാന്‍ തീരുമാനിച്ചതില്‍ 25 വീടുകള്‍ റിപ്പയര്‍ ചെയ്തു എന്നാണ് ചുമതലപ്പെടുത്തിയ ഏജന്‍സി പറയുന്നത്.
എന്നാല്‍ കോളനി വാസികള്‍ പറയുന്നത് 17 വീടുകള്‍ മാത്രമാണ് ഭാഗികമായി ചെറിയ ചില റിപ്പയറിങ് നടത്തിയത് എന്നാണ്. അതും ഓടിട്ട വീടിന്റെ ചില പട്ടികകളും ഏതാനും ഓടുകള്‍ മാറ്റലുമാണ് നടന്നത്. ഇതുതന്നെ 2 ലക്ഷത്തില്‍ താഴെ മാത്രമെ 17 വീടുകള്‍ക്കും കൂടി ചെലവ് വന്നിട്ടുണ്ടാവുകയുള്ളൂ എന്നാണ്. ഭര്‍ത്താവു മരിച്ച ചക്കി എന്ന സ്ത്രീയും മക്കളും കൂടി ഒരു ചെറിയ ഷെഡ്ഡിലാണ് താമസം. ആ വീടുപോലും പണിയാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പനമ്പറ്റ പറമ്പില്‍ സരോജിനി എന്ന മന്ത് രോഗിയുടെ വീടും ഇതുവരെ വാസയോഗ്യമാക്കിയില്ല. അതും പുതുക്കി പണിതിട്ടില്ല. ശാരീരിക വൈകല്യമുള്ള പനമ്പറ്റ പറമ്പില്‍ ദേവകിയുടെ വീടും വാസയോഗ്യമല്ല.
അതുപോലും നേരെയാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇത്തരം നിരവധി ആവശ്യക്കാര്‍ കോളനിയിലുണ്ടായിട്ടും അവരെ സഹായിക്കാതെ അധികൃതര്‍ കണ്ണടച്ചിരിക്കുകയാണ് എന്നാണ് കോളനി വാസികള്‍ പറയുന്നത്. കുടിവെള്ളത്തിനായി കോളനിയില്‍ സ്ഥാപിച്ച ഒരു ടാങ്ക് കാലങ്ങളായി ഉപയോഗ്യശൂന്യമാണ്. അതിന് കിണറോ പൈപ്പ് ലൈനോ ഒന്നും തന്നെ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. 5 അടി വീതിയുള്ള ഫുട്പാത്ത് ദിവസങ്ങള്‍ക്കകം തന്നെ പൊളിഞ്ഞുപോയി. കോളനിക്കകത്തുള്ള റോഡും യാത്ര ചെയ്യാന്‍ കഴിയാതെ കിടക്കുകയാണ്. ഇതുവരെ 35,21,287 രൂപ ഏജന്‍സി കൈപറ്റിയതായി അവര്‍ തന്നെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഈ തുകയുടെ പകുതി തുകക്കുള്ള പ്രവര്‍ത്തി പോലും അവര്‍ ചെയ്തിട്ടില്ല.
അറ്റകുറ്റ പണികള്‍ നടത്തിയ വീടു തന്നെ നിലവാരമില്ലാത്ത മരം കാരണം തകര്‍ന്നതായും കോളനിവാസികള്‍ പറയുന്നു. ഇതിനെതിരെ കോളനി വാസികള്‍ എംഎല്‍എ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി പ്രതിഷേധം രേഖപ്പെടുത്തുകയും വിവിധ തലങ്ങളിലേക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. പട്ടികജാതിക്കാരുടെ പേരില്‍ വലിയ വെട്ടിപ്പാണ് നടന്നിട്ടുള്ളതെന്നാണ് വ്യക്തമാകുന്നത്. ഇതിനെതിരായി കോളനിവാസികളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it