പദ്ധതിപ്രവര്‍ത്തനം കാര്യക്ഷമമാവുന്നില്ല; തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതികള്‍ വെട്ടിക്കുറയ്ക്കണം: ധനകാര്യ കമ്മീഷന്‍

കൊച്ചി: തദ്ദേശസ്ഥാപനങ്ങള്‍ നടപ്പാക്കുന്നതിനായി തിരഞ്ഞെടുക്കുന്ന പദ്ധതികളുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്നും പ്രധാന പദ്ധതികളുടെ നിര്‍വഹണം ഗുണഭോക്തൃസമിതികളെ ഏല്‍പിക്കുന്നതിനു പകരം കരാറുകാര്‍ക്ക് കൈമാറണമെന്നും ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ ബി എ പ്രകാശ്. കൊച്ചിയില്‍ ഇന്നലെ നടന്ന സിറ്റിങിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റെടുക്കുന്ന പദ്ധതികളുടെ ബാഹുല്യവും നിര്‍വഹണത്തിലെ പോരായ്മകളുംമൂലം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിപ്രവര്‍ത്തനം കാര്യക്ഷമമാവുന്നില്ല. തദ്ദേശസ്ഥാപനങ്ങളുടെ പ്രൊജക്റ്റുകള്‍ അംഗീകരിച്ചുകിട്ടുന്നതിലെ നടപടിക്രമങ്ങള്‍ ലഘൂകരിക്കേണ്ടതുണ്ടെന്നും ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ഗ്രാമപ്പഞ്ചായത്തുകളെ അപേക്ഷിച്ച് നഗരസഭകളും കോര്‍പറേഷനുകളും ജില്ലാ പഞ്ചായത്തുകളും പദ്ധതി തുക വിനിയോഗിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് വരുത്തുന്നത്. നടപ്പാക്കാന്‍കഴിയുന്നതിലുമധികം പ്രൊജക്റ്റുകള്‍ ഏറ്റെടുക്കുന്നതാണ് ഇതിന് പ്രധാന കാരണം. എറണാകുളം ജില്ലാ പഞ്ചായത്ത് 1624 പദ്ധതികള്‍ നടപ്പുവര്‍ഷം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുള്ളത് 762 പദ്ധതികള്‍ മാത്രമാണ്. കൊച്ചി നഗരസഭ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റെടുത്ത 825 പ്രൊജക്റ്റുകളില്‍ 552 പ്രൊജക്റ്റുകളാണ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഈ രീതി മാറ്റി പ്രൊജക്റ്റുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ഏറ്റെടുത്ത് അതു കാര്യക്ഷമവും സമയബന്ധിതവുമായി പൂര്‍ത്തീകരിക്കുന്ന സംവിധാനമാണ് ഉണ്ടാവേണ്ടത്.
ജനുവരി 4 വരെയുള്ള കണക്കനുസരിച്ച് 2015-16ലെ പദ്ധതിത്തുകയുടെ 26 ശതമാനം മാത്രമാണ് തദ്ദേശസ്ഥാപനങ്ങള്‍ ചെലവഴിച്ചിരിക്കുന്നത്. ആറ് കോര്‍പറേഷനുകള്‍ 23.5 ശതമാനവും മുനിസിപ്പാലിറ്റികള്‍ 25 ശതമാനവും ജില്ലാ പഞ്ചായത്തുകള്‍ 28 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 15 ശതമാനവും ഗ്രാമപ്പഞ്ചായത്തുകള്‍ 28 ശതമാനവും പദ്ധതിത്തുകയാണ് ഈ കാലയളവില്‍ ചെലവഴിച്ചത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ തിരക്കിട്ട് പദ്ധതികള്‍ നടപ്പാക്കുന്ന രീതിയാണ് ഏതാനും വര്‍ഷങ്ങളായി നിലവിലുള്ളത്. ഇതുമൂലം നടപ്പാക്കുന്ന പദ്ധതികളുടെ കാര്യക്ഷമത കുറയുന്നുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളില്‍ പദ്ധതിപ്രവര്‍ത്തനങ്ങളൊന്നും തന്നെ നടക്കാറില്ല. സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുന്ന സംവിധാനത്തിന് സര്‍ക്കാര്‍ രൂപം നല്‍കേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it