palakkad local

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിന്റ്

പാലക്കാട്: പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പുതിയ ജില്ലാ ആസൂത്രണസമിതി അഡ്‌ഹോക് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. എസ്‌സിപി, ടിഎസ് പി ഫണ്ടുകള്‍ പൂര്‍ണമായി ഉപയോഗിച്ചുവെന്ന് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
41 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് യോഗം അംഗീകാരം നല്‍കി. സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിറ്റൂര്‍ ബ്ലോക്കിലെ ആറ് നീര്‍ത്തടങ്ങളിലായി 6165 ഹെക്ടര്‍ ഭൂമിയില്‍ 9.248 കോടിയുടെ പദ്ധതിക്കും അനുമതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് തദ്ദേശ സ്വയംയഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം യോഗം വിലയിരുത്തി.
ബ്ലോക്ക് വിഭാഗത്തില്‍ ശ്രീകൃഷ്ണപുരം പഞ്ചായത്താണ് ഏറ്റവും കൂടുതല്‍ പദ്ധതി തുക വിനിയോഗിച്ചത്. 70.69% പട്ടാമ്പിയാണ് ഏറ്റവും കുറവ് 7.33%. മറ്റ് ബ്ലോക്കുകളുടെ വിശദാംശങ്ങള്‍: തൃത്താല 8.29%, മലമ്പുഴ 9.65%, ഒറ്റപ്പാലം 15.06%, കൊല്ലങ്കോട് 18.10%, കുഴല്‍മന്ദം 20.30%, നെന്മാറ 24.92%, ചിറ്റൂര്‍ 30.66%, അട്ടപ്പാടി 31.75%, പാലക്കാട് 33.02%, ആലത്തൂര്‍ 49.46%, മണ്ണാര്‍ക്കാട് 55.29%. നഗരസഭകളില്‍ ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ചത് ഷൊര്‍ണൂര്‍ ആണ് 64.60%. മറ്റ് നഗരസഭകളുടെ വിശദാംശങ്ങള്‍. പാലക്കാട് 33.61%, ചിറ്റൂര്‍-തത്തമംഗലം 40.44%, ഒറ്റപ്പാലം 41.90%. പുതിയ മൂന്ന് നഗരസഭകളില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടേയുള്ളു.
ഗ്രാമപ്പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ചത് അലനല്ലൂര്‍ ഗ്രാമപ്പഞ്ചായത്താണ് 49.02%. ഏറ്റവും കുറവ് എലപ്പുള്ളി ഗ്രാമപ്പഞ്ചായത്താണ് 1.79%. 2015 ഡിസംബര്‍ വരെയുള്ള ചെലവ് ആസ്പദമാക്കിയാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
22, 23 തീയതികളില്‍ മുഖ്യമന്ത്രി മേഖലാതലത്തില്‍ പദ്ധതി അവലോകന യോഗം വിളിച്ചതായി ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. മുമ്പായി തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണ റിപോര്‍ട്ട് തയ്യാറാക്കണം. യോഗത്തില്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്‍, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ ജില്ലാതല ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it