Kottayam Local

പദ്ധതികള്‍ പാളി; പുത്തനാറ്റില്‍ വീണ്ടും പോള നിറഞ്ഞു

ചങ്ങനാശ്ശേരി: പോള നിറയുന്നതിനു പരിഹാരമായി നഗരസഭാ ഭരണാധികാരികള്‍ കൊണ്ടുവന്ന മുഴുവന്‍ പദ്ധതികളും പാളി. ഇതേ തുടര്‍ന്ന് പുത്തനാറ്റില്‍(എസി തോട്) വീണ്ടും പോളനിറഞ്ഞതോടെ ടൂറിസ്റ്റു വികസനത്തിന്റെ പേരില്‍ ഒരുക്കിയ സംവിധാനങ്ങള്‍ അവതാളത്തിലായി.
തോട്ടില്‍ പോളയും പായലും നീക്കാന്‍ വര്‍ഷംതോറും ലക്ഷങ്ങള്‍ ചെലവഴിക്കുന്നത് അഴിമതിക്കു വഴിവക്കുന്നതായി വ്യാപക ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് ഇവ നീക്കംചെയ്യാന്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയിരുന്നു.
ആദ്യത്തെ രണ്ടു മാസക്കാലം അന്നത്തെ വള്ളംകളി സംഘാടകസമിതിയലെ ഒരാള്‍ തന്നെയായിരുന്നു സ്‌പോണ്‍സര്‍. തുടര്‍ന്നുള്ള മാസങ്ങളിലും തോട്ടില്‍ പായല്‍ നിറയുന്നതനുസരിച്ച് അവ നീക്കം ചെയ്യാന്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തുമെന്നു സംഘടകര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ആദ്യത്തെ രണ്ടു മാസമൊഴിച്ചാല്‍ പിന്നെ അതിനുള്ള കാര്യമായ ശ്രമങ്ങളൊന്നും നടന്നില്ല. ഇപ്പോള്‍ തോട്ടില്‍ പുല്ലുകള്‍ വളര്‍ന്ന് വള്ളങ്ങള്‍ക്കുപോലും ചലിക്കാനാവാത്ത നിലയിലാണ്.
നഗരമധ്യത്തിലൂടെ കടന്നുപോവുന്ന വിവിധ തോടുകളിലൂടെ നഗരത്തിലെമ്പാടുമുള്ള മാലിന്യങ്ങളും മറ്റും ഈ തോട്ടിലാണ് ഒഴുകിയെത്തുന്നത്. ഇതു തടയാന്‍ സംവിധാനമൊരുക്കുമെന്ന അധികൃതരുടെ ഉറപ്പും കടലാസ്സിലൊതുങ്ങി. മഴ ആംഭിക്കുന്നതോടെ തോടിനു ഇരുവശങ്ങളിലും താമസിക്കുന്നവര്‍ക്ക് പകര്‍ച്ചപ്പനി വ്യാപകമാകുന്നതും പതിവാണ്.
തോട്ടില്‍ ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ തടയാനോ മാരകരോഗങ്ങള്‍ ഉദ്ഭവിക്കുന്ന തോട്ടിലെ വെള്ളം മാലിന്യ വിമുക്തമാക്കാനോ ബന്ധപ്പെട്ടവര്‍ നടപടിസ്വീകരിക്കാറില്ല.
Next Story

RELATED STORIES

Share it