malappuram local

പദ്ധതികള്‍ കാത്ത് ചുള്ളിപ്പാറ പാവുട്ടിച്ചിറ

തിരൂരങ്ങാടി: ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും സമൃദ്ധമായ ജലസ്രോതസ്സ് പദ്ധതികള്‍ കാത്ത് കഴിയുന്നു. തിരൂരങ്ങാടി മുനിസിപ്പല്‍ പതിനെട്ടാം ഡിവിഷന്‍ വെന്നിയൂര്‍ ചുള്ളിപ്പാറയിലെ പാവുട്ടിച്ചിറയാണ് പദ്ധതികള്‍ക്ക് വിനിയോഗിക്കാതെ കിടക്കുന്നത്.
1981ല്‍ മുന്‍ വാര്‍ഡ് അംഗം ചെമ്മല ഖാദര്‍കുട്ടി ഹാജിയുടെ പരിശ്രമഫലമായി നെല്‍കൃഷിയിലേക്ക് വെള്ളം പമ്പ് ചെയ്യാനും നാട്ടിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനുമായി വയലില്‍ നിര്‍മിച്ചതാണ് ഒരേക്കറോളം വിസ്തീര്‍ണവും പതിനഞ്ചടിയോളം താഴ്ചയുമുള്ള ചിറ. പിന്നീട് പമ്പ് ഹൗസും കനാലും നിര്‍മിച്ചു. മോട്ടോര്‍ സ്ഥാപിച്ചെങ്കിലും വൈദ്യുതി ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തിപ്പിക്കാനായില്ല. ശേഷം വൈദ്യുതി എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ ഖാദര്‍കുട്ടി ഹാജി മരണപ്പെടുകയും പദ്ധതി പാതിവഴിയില്‍ അവസാനിക്കുകയും ചെയ്തു. ശേഷം വാര്‍ഡ് അംഗങ്ങള്‍ മാറി മാറി വന്നെങ്കിലും പദ്ധതി തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമായില്ല. അതോടെ മോട്ടോര്‍ തുരുമ്പെടുത്ത് നശിച്ചു. പായല്‍ മൂടി ചിറനശിച്ചു കൊണ്ടിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ കുളിക്കാനും അലക്കാനുമായി ഇതിലെ വെള്ളം ഉപയോഗിച്ചു വരുന്നു. നിലവില്‍ കനാല്‍ തകര്‍ന്നുകിടക്കുകയാണ്. അഞ്ഞൂറോളം വീടുകളും ഏക്കര്‍ കണക്കിന്കൃഷിയും നിലവിലുള്ള പ്രദേശത്ത് ജനം കുടിവെള്ളത്തിനു പോലും നെട്ടോട്ടമോടുകയാണ്.
വാക്കിക്കയം പ്രദേശത്തെ ടാങ്ക്, മൂന്ന് മിനി പദ്ധതികള്‍ എന്നിവയിലൂടെയാണ് ഇപ്പോള്‍ നാട്ടില്‍ കുടിവെള്ളം എത്തിക്കുന്നത്. എന്നാല്‍, ഇവ നാമമാത്രമായ വീടുകള്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ.
വേനലാവുന്നതോടെ മൂന്ന് മിനി പദ്ധതികളിലും വെള്ളം ലഭിക്കാതെ ജനം ബുദ്ധിമുട്ടുകയാണ്. ചിറയില്‍ ആവശ്യത്തിലേറെ വെള്ളമുണ്ട്. അത് ഉപയോഗപ്രദമാക്കിയാല്‍ പ്രദേശത്തെ കുടിവെളളക്ഷാമത്തിന് പരിഹാരമാവുമെങ്കിലും അധികൃതര്‍ ഇതിലേക്ക് ശ്രദ്ധപതിപ്പിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.
Next Story

RELATED STORIES

Share it