ernakulam local

പത്ര ലേഖകനെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ പോലിസ് ശ്രമിക്കുന്നു

ആലുവ: മാധ്യമം ലേഖകനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത് സംബന്ധിച്ച കേസ് പോലിസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടും പ്രതികളെ പിടികൂടാന്‍ പോലിസ് തയ്യാറാവുന്നില്ല.
എംഎല്‍എ അടക്കമുള്ളവരുടെ ഇടപെടലിനെ തുടര്‍ന്നാണ് പോലിസ് പ്രതികളെ സഹായിക്കുന്നതെന്നാണ് ആരോപണം. പ്രതികളെ എംഎല്‍എ സംരക്ഷിക്കുന്നതായും ആക്ഷേപമുണ്ട്. തിരഞ്ഞെടുപ്പ് കലാശകൊട്ടിനോടനുബന്ധിച്ചാണ് മാധ്യമം ആലുവ ലേഖകന്‍ യാസര്‍ അഹമ്മദിനെ ഒരു സംഘം മര്‍ദ്ദിച്ചത്.
യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന അന്‍വര്‍ സാദത്ത് എംഎല്‍എയുടെ വാഹനജാഥ കടന്നുപോവുന്നതിനിടയിലാണ് ഇതോടൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരടങ്ങുന്ന ഗുണ്ടാസംഘം ആക്രമണം അഴിച്ചുവിട്ടത്. മാര്‍ക്കറ്റ് റോഡില്‍ ഗ്രാന്റ് കവലയിലായിരുന്നു സംഭവം.
ജാഥ വീക്ഷിച്ച് നില്‍ക്കുകയായിരുന്ന യാസറിനെ അന്‍വര്‍ സാദത്തിനെതിരേ വാര്‍ത്ത നല്‍കിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആക്രമണം. ദേഹമാസകലം മര്‍ദ്ദനമേറ്റ യാസറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനേ പത്രപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പോലിസ് ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
ആശുപത്രി അധികൃതരും പോലിസില്‍ വിവരം നല്‍കിയിരുന്നു. എന്നാല്‍ പിറ്റേദിവസം ഉച്ചവരെ പോലിസ് ആശുപത്രിയിലെത്തി മൊഴിയെടുത്തില്ല. എംഎല്‍എ അടക്കമുള്ളവരുടെ ഇടപെടലുകളെ തുടര്‍ന്നാണ് പോലിസ് എത്താതിരുന്നതെന്ന് ആരോപണമുണ്ട്. പിന്നീട് പോലിസ് സ്‌റ്റേഷനില്‍ നേരിട്ട് പോയി മൊഴി നല്‍കുകയായിരുന്നു. പിന്നീട് പലതവണ വിവരങ്ങള്‍ തേടിയതല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടയില്‍ പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും പോലിസിന് നല്‍കിയിരുന്നു.
ആക്രമണം നേരത്തേ ആസൂത്രണം ചെയ്തിരുന്നതായാണ് സൂചന. ചൂര്‍ണികര പഞ്ചായത്തിലെ കുന്നത്തേരിയില്‍ പൊതുകിണര്‍ കാടുകയറി കിടക്കുന്നത് സംബന്ധിച്ച് പത്രത്തില്‍ വാര്‍ത്ത കൊടുത്തിരുന്നു. ഇത് തിരഞ്ഞെടുപ്പില്‍ അന്‍വര്‍ സാദത്തിന് ദോഷം ചെയ്യുമെന്ന് സാദത്തിനോട് അടുത്ത ചിലര്‍ പ്രചരിപ്പിക്കുകയും പത്രത്തിനെതിരേ തിരിയുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണമുണ്ടായത്.
Next Story

RELATED STORIES

Share it