kozhikode local

പത്രിക തള്ളാത്തതില്‍ പ്രതിഷേധിച്ച് ആര്‍ഒയെ തടഞ്ഞുവച്ചു

താമരശ്ശേരി: നാമ നിര്‍ദേശ പത്രികക്കൊപ്പം നല്‍കേണ്ട സത്യ പ്രതിജ്ഞയില്‍ സ്ഥാനാര്‍ഥി ഒപ്പിട്ടു നല്‍കാത്തതിനാല്‍ പത്രിക തള്ളണമെന്നാവശ്യപ്പെട്ടു ഇടതുമുന്നണി പ്രവര്‍ത്തകര്‍ റിട്ടേണിങ് ഓഫിസറെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തോഫിസിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പതിനാലാം വാര്‍ഡ് ചെമ്പറ കുണ്ടയില്‍ മല്‍സരിക്കുന്ന യുഡി എഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് ഷാഹിമിന്റെ നോമിനേഷനാണ് തള്ളണമെന്നാവശ്യപ്പെട്ടു എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ റിട്ടേണിങ് ഓഫിസര്‍ കോഴിക്കോട് വാണിജ്യ നികുതി ഓഫിസര്‍ ദിനേഷിനെ ബന്ധിയാക്കിയത്.

ഇന്നലെ നടന്ന സൂക്ഷ്മ പരിശോധനയില്‍ നിലവിലെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായ മുഹമ്മദ് ഷാഹിമിന്റെ നാമ നിര്‍ദേശ പത്രികക്കൊപ്പം നല്‍കേണ്ട സത്യപ്രതിജ്ഞയില്‍ ഒപ്പിട്ടു നല്‍കിയില്ലെന്നറിയിച്ചു. റിട്ടേണിങ് ഓഫിസര്‍ ഈ വിവരം ഷാഹിമിനെ അറിയിച്ചതായും ഇതിനു പകരം മറ്റൊരു പ്രതിജ്ഞ ഒപ്പിട്ടു വാങ്ങിയതായും ആരോപിച്ചാണ് ഇടതുമുന്നണി നേതാക്കളായ കെ ആര്‍ രാജന്‍, ടി സി വാസു, നിസാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തു വന്നത്. സമാനമായ നിലയിലുള്ള രണ്ട് പത്രിക തള്ളിയിട്ടും ഷാഹിമിനു വേണ്ടി റിട്ടേണിങ് ഓഫി സര്‍ രാഷ്ട്രീയം കളിക്കുകയാണുണ്ടായതെന്ന് ഇടതു നേതാക്കള്‍ ആരോപിക്കുന്നു.

എന്നാല്‍ താന്‍ മൂന്ന് സെറ്റ് നാമ നിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചിരുന്നെന്നും അവയില്‍ മൂന്ന് സത്യപ്രതിജ്ഞകള്‍ നല്‍കിയതില്‍ ഒന്ന് ഒപ്പിടാത്തതാണ് ആര്‍ഒയുടെ കൈയിലുള്ളതെന്നും ഷാഹിം വ്യക്തമാക്കുന്നു. ഇത് ആര്‍ഒയും ശരിവെക്കുകയും തന്റെ വിവേചനാധികാരമുപയോഗിച്ച് പത്രിക സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇതോടെ വിവിധ ഭാഗത്തു നിന്നെത്തിയ ഇടതുമുന്നണി പ്രവര്‍ത്തകര്‍ നേതാക്കന്മാര്‍ക്കൊപ്പം റിട്ടേണിങ് ഓഫിസറെ പഞ്ചായത്തോഫിസില്‍ തടഞ്ഞുവച്ചു.

താമരശ്ശേരിയില്‍ നിന്നു പോലിസ് സ്ഥലത്തെത്തി ക്യാംപ് ചെയ്യുന്നു. ആര്‍ഒ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട ശേഷമാണ് പത്രിക സ്വീകരിച്ചതായി പ്രഖ്യാപിച്ചത്. ഇതേ കാരണത്താല്‍ തള്ളിയ മൂന്നാം വാര്‍ഡിലെ രണ്ടു പേരുടെ പത്രിക തള്ളിയതിലും ഷാഹിമിന്റെ പത്രിക തള്ളാത്തതിലും പ്രതിഷേധിച്ചു ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതിനെതിരെ ജില്ലാ കലക്ടര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കാനും തീരുമാനിച്ചു. രാത്രി വൈകി ആര്‍ഒ പത്രിക സ്വീകരിക്കാനുള്ള കാരണങ്ങള്‍ എഴുതി വാങ്ങിയ ശേഷം ഉപരോധം അവസാനിപ്പിച്ചു.
Next Story

RELATED STORIES

Share it