പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി; ആകെ ലഭിച്ചത് 1647 എണ്ണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ സംസ്ഥാനത്തൊട്ടാകെ ലഭിച്ചത് 1647 പത്രികകള്‍. ഇന്നലെ മാത്രം 734 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1373 പത്രികകളാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ പത്രിക ലഭിച്ചത് മലപ്പുറം ജില്ലയിലാണ്- 204. കുറവ് വയനാട്ടില്‍- 41.
ഓരോ ജില്ലകളിലും സമര്‍പ്പിക്കപ്പെട്ട പത്രികകളുടെ എണ്ണം- ബ്രാക്കറ്റില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച പത്രികകള്‍. തിരുവനന്തപുരം- 164 (153), കൊല്ലം- 115 (95), പത്തനംതിട്ട- 55 (50), ആലപ്പുഴ- 98 (87), കോട്ടയം- 104 (80), ഇടുക്കി- 61 (53), എറണാകുളം- 187 (134), തൃശൂര്‍- 135 (122), പാലക്കാട്- 128 (115), മലപ്പുറം- 204 (146), കോഴിക്കോട്- 168 (141), വയനാട്- 41 (24), കണ്ണൂര്‍- 127 (119), കാസര്‍കോട്- 60 (54). പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാനദിനമായ മെയ് രണ്ടിന് മൂന്നുമണിക്ക് ശേഷമായിരിക്കും സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം അനുവദിക്കുക.
അതേസമയം, തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. നസീം സെയിദിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം നാളെ മുതല്‍ 3 വരെ തിരുവനന്തപുരം സന്ദര്‍ശിക്കും. രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ചീഫ് സെക്രട്ടറി, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പോലിസ് മേധാവികള്‍, ആഭ്യന്തരസെക്രട്ടറി തുടങ്ങിയവരുമായി കമ്മീഷന്‍ ചര്‍ച്ച നടത്തും.
തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഓം പ്രകാശ് റാവത്ത്, എ കെ ജോതി, ഇലക്ഷന്‍ ഡയറക്ടര്‍ ജനറല്‍ സുദീപ് ജയിന്‍, ചെലവ് നിരീക്ഷക വിഭാഗം ഡയറക്ടര്‍ എന്‍ സി സ്വയിന്‍, ഡയറക്ടര്‍ ധീരേന്ദ്ര ഓജ, ഡപ്യൂട്ടി സെക്രട്ടറി നിഖില്‍ കുമാര്‍ എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍.
Next Story

RELATED STORIES

Share it