പത്രപ്രവര്‍ത്തകന്റെ വധം: അഞ്ചുപേര്‍ അറസ്റ്റില്‍; നാടന്‍ തോക്ക് കണ്ടെടുത്തു

പട്‌ന: ബിഹാറില്‍ പത്രപ്രവര്‍ത്തകന്‍ രാജ്‌ദേവ് രഞ്ജനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നു നാടന്‍ തോക്കും മൂന്ന് മോട്ടോര്‍ സൈക്കിളും കണ്ടെടുത്തു. രോഹിത് കുമാര്‍, വിജയ് കുമാര്‍ ഗുപ്ത, രാജേഷ് കുമാര്‍, ഇഷു കുമാര്‍, സോനു കുമാര്‍ ഗുപ്ത എന്നിവരാണ് സിവാന്‍ ജില്ലയില്‍ അറസ്റ്റിലായതെന്ന് അഡീഷനല്‍ ഡിജിപി സുനില്‍കുമാര്‍ അറിയിച്ചു. രഞ്ജനെ വെടിവച്ചുകൊന്നത് താനാണെന്ന് രോഹിത് കുമാര്‍ സമ്മതിച്ചതായി അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് മറ്റു ചിലരെക്കൂടി പോലിസ് അന്വേഷിക്കുന്നുണ്ട്. കുറ്റകൃത്യം നടത്തുന്നതിനു മൂന്ന് മോട്ടോര്‍ സൈക്കിളുകളും ഉപയോഗപ്പെടുത്തി. പ്രാദേശിക ഭാഷാ പത്രത്തിന്റെ സിവാന്‍ ജില്ലാ ബ്യൂറോ ചീഫായിരുന്ന രാജ്‌ദേവ് രഞ്ജന്‍ മെയ് 13നാണു വെടിയേറ്റു മരിച്ചത്. മോട്ടോര്‍ സൈക്കിളില്‍ പോവുകയായിരുന്ന അദ്ദേഹത്തിനു നേരെ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നു.
അന്വേഷണം ശരിയായ വഴിയിലാണെന്നും അതു പൂര്‍ത്തിയായിട്ടില്ലെന്നും പോലിസ് പറഞ്ഞു. ഒളിവില്‍ കഴിയുന്ന ചിലരുടെ നിര്‍ദേശമനുസരിച്ചാണു താന്‍ രഞ്ജനെ വെടിവച്ചതെന്നാണു രോഹിത് കുമാര്‍ പറഞ്ഞത്. എന്നാല്‍ കൊലപാതകത്തിന്റെ കാരണമോ ഗൂഢാലോചനയോ ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. ഒളിവില്‍ കഴിയുന്നവരെ പിടികൂടിയാലേ കൊലപാതകത്തിന്റെ പിന്നിലെ ഗൂഢാലോചന അറിയാനാവൂവെന്ന് പോലിസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ സുനില്‍കുമാര്‍ പറഞ്ഞു.
കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലാത്തവരാണ് അറസ്റ്റിലായവര്‍. ജയിലില്‍ കഴിയുന്ന മുന്‍ ആര്‍ജെഡി എംപി മുഹമ്മദ് ശഹാബുദ്ദീന്റെ കൂട്ടാളി ലാദന്‍ മിയാനെ പിടികൂടാന്‍ പോലിസ് ശ്രമിച്ചുവരികയാണ്.
Next Story

RELATED STORIES

Share it