പത്രപ്പരസ്യങ്ങള്‍ക്കുള്ള പുതിയ നയത്തിനു രൂപംനല്‍കി; സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നതില്‍ നീതി ഉറപ്പുവരുത്തും

ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പരസ്യ ദൃശ്യ പ്രചാരണ ഡയറക്ടറേറ്റി (ഡിഎവിപി)നായി പുതിയ അച്ചടിമാധ്യമ പരസ്യ നയത്തിനു രൂപംനല്‍കി. പത്രങ്ങള്‍ക്കു പരസ്യം നല്‍കുന്നതില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണു പുതിയ നയത്തിനു രൂപംനല്‍കിയിട്ടുള്ളതെന്നു മന്ത്രാലയം വ്യക്തമാക്കി.
പുതിയ നയപ്രകാരം പത്രങ്ങള്‍ക്ക് ഒരു പുതിയ മാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തും. ആറ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് മാര്‍ക്കിങ് സംവിധാനത്തിനു രൂപംനല്‍കിയിട്ടുള്ളത്. ഓരോ മാനദണ്ഡത്തിനും നിശ്ചിത മാര്‍ക്ക് ലഭിക്കും. ഇതനുസരിച്ച് സര്‍ക്കുലേഷന്‍ എബിസി, ആര്‍എന്‍ഐ സാക്ഷ്യപ്പെടുത്തലിന് 25 മാര്‍ക്ക് ലഭിക്കും. ജീവനക്കാരുടെ എംപ്ലോയീസ് വിഹിതം അടയ്ക്കുന്നതിന് 20 മാര്‍ക്ക്, പേജുകളുടെ എണ്ണത്തിന് 20 മാര്‍ക്ക്, പിടിഐ, യുഎന്‍ഐ, ഹിന്ദുസ്ഥാ ന്‍ സമാചാര്‍ എന്നീ വാര്‍ത്താ ഏജന്‍സികളുടെ വരിക്കാരാവുന്നതിന് 15 മാര്‍ക്ക്, സ്വന്തമായി പ്രസുണ്ടെങ്കില്‍ 10 മാര്‍ക്ക്, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് വാ ര്‍ഷിക വരിസംഖ്യ അടയ്ക്കുന്നതിന് 10 മാര്‍ക്കും ലഭിക്കും. ഓരോ പത്രത്തിനും ലഭിക്കുന്ന മാ ര്‍ക്കിന്റെ അടിസ്ഥാനത്തിലാവും ഡിഎവിപി അവയ്ക്കു പരസ്യങ്ങള്‍ നല്‍കുക.പത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവയെ ഡിഎവിപിയില്‍ എംപാനല്‍ ചെയ്യുന്നതിനു സര്‍ക്കുലേഷന്‍ പരിശോധിക്കുന്നതിനുള്ള പ്രക്രിയയും നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡിഎവിപി പരസ്യ ബില്ലുകള്‍ നല്‍കുന്നത് ഇലക്‌ട്രോണിക് ക്ലിയറിങ് സംവിധാനം (ഇസിഎസ്) വഴിയോ ബാങ്ക് അക്കൗണ്ടിലേക്ക് ഉടന്‍ മാറ്റാന്‍ കഴിയുന്ന നാഷനല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) മുഖേനയോ ആവും.
പ്രതിദിനം 25,000 കോപ്പികളില്‍ കുറവുള്ളവയെ ചെറുകിട വിഭാഗത്തിലും 25,001നും 75,000 നുമിടയില്‍ കോപ്പികള്‍ പ്രസിദ്ധീകരിക്കുന്നവയെ ഇടത്തരമെന്നും 75,000 കോപ്പികളിലധികം പ്രസിദ്ധീകരിക്കുന്നവയെ വന്‍കിട പത്രങ്ങളായുമാണ് തരംതിരിച്ചിട്ടുള്ളത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഡിഎവിപിയുടെ പാനലിലുള്ള പത്രങ്ങള്‍ക്ക് ഡിഎവിപി നിരക്കില്‍ നേരിട്ട് പരസ്യങ്ങള്‍ നല്‍കാമെന്ന് നയം വ്യക്തമാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it