പത്രങ്ങള്‍ക്ക് അടിപതറാത്തത് വിശ്വാസ്യത നിലനിര്‍ത്തുന്നതുകൊണ്ടെന്ന് സെമിനാര്‍

ചെന്നൈ: നവമാധ്യമങ്ങളുടെ കടന്നുകയറ്റത്തിലും വര്‍ത്തമാനപത്രങ്ങള്‍ക്ക് അടിപതറാത്തതു വാര്‍ത്തയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ കഴിയുന്നതുകൊണ്ടാണെന്നു ചെന്നൈയില്‍ നടന്ന മാധ്യമ സെമിനാര്‍. കേരള മീഡിയ അക്കാദമിയുടെയും ചെന്നൈ യു.എസ്. കോണ്‍സുലേറ്റ് ജനറലിന്റെയും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ചെന്നൈ ഘടകത്തിന്റെയും ആഭിമുഖ്യത്തിലാണു പരിപാടി സംഘടിപ്പിച്ചത്. 'ഡിജിറ്റല്‍ യുഗത്തില്‍ അച്ചടി മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.  വാര്‍ത്താശേഖരണത്തിലും ന്യൂസ് റൂമുകളുടെ പ്രവര്‍ത്തനരീതികളിലും മാറ്റംവന്നെങ്കിലും പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ മാറിയിട്ടില്ല. വാര്‍ത്താശേഖരണത്തിനു മികച്ച സാങ്കേതികസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയും അഭ്യസ്തവിദ്യരായ പത്രപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയും ഭാഷാ പത്രങ്ങള്‍ ഇപ്പോഴും വികസനത്തിന്റെ പാതയിലാണ്.

മാധ്യമസ്ഥാപനങ്ങളുടെ വരുമാനത്തിന്റെ 95 ശതമാനവും പ്രിന്റില്‍ നിന്നാണെന്ന് ഫ്രണ്ട്‌ലൈന്‍ സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ ആര്‍ കെ രാധാകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചു. സ്വന്തം ഭാഷയില്‍ വാര്‍ത്ത വായിക്കാന്‍ ജനങ്ങള്‍ താല്‍പ്പര്യപ്പെടുന്ന കാലത്തോളം പ്രാദേശികഭാഷാ പത്രങ്ങള്‍ക്കു ഭീഷണിയില്ലെന്നു മാതൃഭൂമി ചെന്നൈ ബ്യൂറോ ചീഫ് കെ എ ജോണി പറഞ്ഞു. ചെന്നൈ അമേരിക്കന്‍ ലൈബ്രറിയില്‍ നടന്ന പരിപാടിയില്‍ യു.എസ്. കോണ്‍സുലേറ്റ് ജനറലിലെ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എമിലി ഫര്‍ട്ടിക് മോഡറേറ്ററായിരുന്നു.

കെ.യു.ഡബ്ല്യൂ.ജെ. ചെന്നൈ ഘടകം പ്രസിഡന്റ് വിനോദ് ഗോപി, സെക്രട്ടറി വിനോദ് ഷാ പങ്കെടുത്തു.മീഡിയ അക്കാദമി സെക്രട്ടറി എ എ ഹക്കീം, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം രാമചന്ദ്രന്‍, അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി കെ ആര്‍ പ്രമോദ് കുമാര്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സെമിനാറില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it