wayanad local

പത്മപ്രഭാ സ്മാരക പുരസ്‌കാരം ബെന്യാമിന് സമ്മാനിച്ചു

കല്‍പ്പറ്റ: ആധുനിക വയനാടിന്റെ ശില്‍പികളില്‍ പ്രമുഖനായ എം കെ പത്മപ്രഭ ഗൗഡരുടെ പേരില്‍ ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം നോവലിസ്റ്റ് ബെന്യാമിന് സമ്മാനിച്ചു. കല്‍പ്പറ്റയില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ എഴുത്തുകാരന്‍ എന്‍ എസ് മാധവനാണ് പുരസ്‌കാരം സമ്മാനിച്ചത്.
75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 1996 മുതല്‍ തുടര്‍ച്ചയായി ഈ പുരസ്‌കാരം നല്‍കിവരുന്നു. പത്മപ്രഭ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം പി വീരേന്ദ്രകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍ പത്മപ്രഭാ സ്മാരക പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എം ബാലഗോപാലന്‍, എഴുത്തുകാരി ഉഷാകുമാരി വെള്ളത്തൂവല്‍, മാതൃഭൂമി ഡയറക്ടര്‍ പി വി ഗംഗാധരന്‍ സംസാരിച്ചു. പുരസ്‌കാര ജേതാവ് ബെന്യാമിനെ വി ഡി പത്മരാജുവും എന്‍ എസ് മാധവനെ സ്വാഗതസംഘം ചെയര്‍മാന്‍ ഏച്ചോം ഗോപിയും പൊന്നാടയണിയിച്ചു.
ദേവനെയും ദേവിയെയും സ്വീകരിക്കുന്നതു പോലെ എഴുത്തുകാരനെ സ്വീകരിക്കുന്ന മലയാളത്തിലെ എഴുത്തുകാരനായി അറിയപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് ബെന്യാമിന്‍ പറഞ്ഞു. ഭാഷയുടെ സങ്കേതങ്ങള്‍, നിയമാവലികള്‍ തനിക്ക് അറിയില്ല. വരേണ്യ മലയാളിക്ക് തന്റെ പ്രാദേശിക ഭാഷ മനസ്സിലാവില്ലെന്നു പറയുന്ന നിരൂപകരുണ്ട്. ബുദ്ധികൊണ്ടല്ല, ഹൃദയം കൊണ്ടാണ് താന്‍ എഴുതുന്നത്. ഇതു വായനക്കാര്‍ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ട്- ബെന്യാമിന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it