Alappuzha local

പത്ത് ലിറ്റര്‍ സ്പിരിറ്റും 80 ലിറ്റര്‍ വ്യാജ കള്ളും പിടികൂടി

ഹരിപ്പാട്: കള്ളില്‍ കലര്‍ത്തുവാന്‍ ഷാപ്പുകളിലേക്ക് കൊണ്ടുവന്ന പത്ത് ലിറ്റര്‍ സ്പിരിറ്റും തുടര്‍ പരിശോധനയില്‍ 80 ലിറ്റര്‍ വ്യാജ കള്ളും പിടികൂടി. മൂന്ന് പേര്‍ അറസ്റ്റില്‍.
ഹരിപ്പാട് എക്‌സൈസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ദേശീയ പാതയില്‍ കരുവാറ്റ ആശ്രമം ജങ്ഷന് സമീപത്തു നിന്നു ബൈക്കില്‍ കടത്തുകയായിരുന്ന സ്പിരിറ്റാണ് കാര്‍ത്തികപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ബൈക്കിലുണ്ടായിരുന്ന വലിയകുളങ്ങര പൂവണ്ണാന്‍ തെക്കതില്‍ സലിം (40), കരുനാഗപ്പള്ളി തഴവ കാവുംപുറത്ത് കിഴക്കതില്‍ സനില്‍ (34), കരുനാഗപ്പള്ളി പാവുംമ്പ പടിഞ്ഞാറേ വീട്ടില്‍ ഉല്ലാസ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഹീറോ ഹോണ്ട ബൈക്കും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി തണ്ടാശ്ശേരി ജിനീഷിന്റെ വീട്ടില്‍ നടത്തിയ പരിശേധനയിലാണ് 80 ലിറ്റര്‍ വ്യാജ കള്ള് പിടികൂടിയത്.
35 ലിറ്ററുകളുടെ മൂന്ന് കന്നാസുകളില്‍ നിറച്ച നിലയില്‍ വീട്ടിനുള്ളില്‍ നിന്നാണ് വ്യാജ കള്ള് കണ്ടെത്തിയത്. കാര്‍ത്തികപ്പള്ളി എക്‌സൈസ് റേഞ്ചിലെ എട്ടാം ഗ്രൂപ്പിലെ നാല് ഷാപ്പുകളിലെ കള്ളുകളില്‍ കലര്‍ത്താനാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്ന് പ്രതികള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കരുവാറ്റ സ്വദേശി രാമചന്ദ്രന്‍, കൊല്ലം സ്വദേശി തമ്പാന്‍, കരുനാഗപ്പള്ളി സ്വദേശി ജിനീഷ് എന്നിവരെ പിടികൂടാനുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പ്രതികളെ ഹരിപ്പാട് ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ടേറ്റ് കോടതിയില്‍ ഹാജരാക്കി. റിമാന്റ് ചെയ്തു. അബ്ദല്‍ ഹക്കിം, ലാലിക്കുട്ടന്‍, മണിയന്‍ ആചാരി, കെ.അമ്പികേശന്‍, ഷിബു, നൗഷാദ്, ഗോപകുമാര്‍, പി.ആര്‍ വിനോദ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it