പത്തിരി മുതല്‍ സമൂസ വരെ; നോമ്പുതുറയും റെഡിമെയ്ഡ്

കോഴിക്കോട്: നേര്‍മ പത്തിരി, ചട്ടിപ്പത്തിരി, ഇറച്ചിപ്പത്തിരി, മീന്‍പത്തിരി, തരിക്കഞ്ഞി, സമൂസ, മുട്ടമാല, മുട്ടസുര്‍ക്ക... പുതിയാപ്ല സല്‍ക്കാരമോ സമൂഹ നോമ്പുതുറയോ ഏതുമാവട്ടെ വിഭവങ്ങളെല്ലാം വിപണിയില്‍ റെഡി. നോമ്പ് തുറക്കാന്‍ കാരക്കയ്‌ക്കൊപ്പം ഒരു പ്രത്യേക വിഭവമെങ്കിലും നിര്‍ബന്ധമാണെന്ന അവസ്ഥയിലേക്ക് ആളുകള്‍ എത്തിയതോടെ പലഹാരങ്ങളുണ്ടാക്കുന്നവര്‍ക്ക് റമദാന്‍ മാസം കൊയ്ത്തുകാലമാണ്. ധാരാളം പേര്‍ ഇത് ഉപജീവനമാര്‍ഗമാക്കിയിട്ടുണ്ട്.മുമ്പൊക്കെ നോമ്പിനു മാത്രമുണ്ടായിരുന്ന ചില വിഭവങ്ങള്‍ ഇപ്പോള്‍ എല്ലാക്കാലത്തും ലഭ്യമാണെങ്കിലും നോമ്പിന് ഇവയ്ക്ക് ആവശ്യക്കാര്‍ കൂടും. പരിപ്പ് കേക്ക്, ഉന്നക്കായ, സമൂസ, വലിയ സമൂസ, പഴംനിറവ്, ഇറച്ചികേക്ക്, പഴംപൊരി, മുട്ടബജി, കടുക്കപത്തിരി, ഉള്ളിവട, പൊക്കുവട, കട്‌ലറ്റുകള്‍, കോഴി അട, ചിക്കന്‍ റോള്‍, മുട്ട മറിച്ചത്, തരിപ്പോള.. ഇങ്ങനെ നീളുന്നു നോമ്പുതുറ വിഭവങ്ങളുടെ പട്ടിക. തുറപ്പിക്കുന്നവന് നോമ്പ് നോറ്റതിന്റെ പ്രതിഫലമുണ്ടെന്ന് പ്രവാചക വചനമുള്ളതിനാല്‍ നോമ്പുതുറപ്പിക്കല്‍ പലര്‍ക്കും വലിയൊരാവേശമാണ്. വിഭവങ്ങളെല്ലാം വിപണിയില്‍ വാങ്ങാന്‍ കിട്ടുന്നതിനാല്‍ വീട്ടമ്മമാര്‍ക്ക് നോമ്പും നോറ്റ് അടുക്കളയില്‍ കഷ്ടപ്പെടേണ്ട ആവശ്യവുമില്ല.കൊതിയൂറും ഗന്ധംപരത്തുന്ന വിഭവങ്ങള്‍ രാവിലെ മുതല്‍ കടകളില്‍ ലഭിക്കും. നോമ്പുതുറക്കായുള്ള പ്രത്യേക പലഹാരവിപണികളും ധാരാളം തുറന്നിട്ടുണ്ട്. പല ബേക്കറികളിലും ഇവ വില്‍ക്കാന്‍ പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിരിക്കുന്നു. മലബാറിന്റെ തനതു രുചിയോടെ പാകം ചെയ്ത നോമ്പുതുറ പലഹാരങ്ങള്‍ തന്നെയാണ് ബേക്കറികളിലും താല്‍ക്കാലിക പലഹാര വ്യാപാരികളിലും വില്‍പനയ്ക്കുള്ളത്.ചട്ടിപ്പത്തിരിയും സമൂസയുമാണ് വിപണിയിലെ താരങ്ങള്‍. ചട്ടിപ്പത്തിരിക്ക് കിലോയ്ക്ക് 180 രൂപയും ഇറച്ചി ചട്ടിപ്പത്തിരിക്ക് കിലോ 260 രൂപയും ഇറച്ചിക്കേക്കിന് 220 രൂപയുമാണ് വില. മുട്ടമാലയും മുട്ടസുര്‍ക്കയും ഒരു സെറ്റായാണു കിട്ടുക. രണ്ടും ചേര്‍ത്ത് കിലോയ്ക്ക് 260 രൂപ കൊടുക്കണം.
Next Story

RELATED STORIES

Share it