പത്താന്‍ കോട്ട്  ആക്രമണത്തില്‍ പങ്കെടുത്തത് ആറുപേര്‍: എന്‍എസ്ജി

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ആക്രമണം നടത്തിയത് ആറു പേരായിരുന്നുവെന്ന് ദേശീയ സുരക്ഷാ സേന (എന്‍എസ്ജി). സ്‌ഫോടകവസ്തുക്കളുടെ ഭീഷണിയെ കുറിച്ച് നടന്ന അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് എന്‍എസ്ജി ഡയറക്ടര്‍ ജനറല്‍ ആര്‍ സി തായല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
സുരക്ഷാസേന വധിച്ച നാല് അക്രമികളെ കൂടാതെ വന്‍ സ്‌ഫോടക ശേഖരവുമായി രണ്ടുപേര്‍ വ്യോമത്താവളത്തിനകത്ത് ഒളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. പത്താന്‍കോട്ട് ആക്രമണം നടത്തിയവരുടെ എണ്ണത്തെപ്പറ്റി ആശയക്കുഴപ്പമുണ്ടായിരുന്നതായി നേരത്തേ റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, യഥാര്‍ഥ വസ്തുത അന്വേഷണം നടത്തുന്ന ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ സൈനികര്‍ക്ക് നേരെ വ്യോമത്താവളത്തിനകത്തുനിന്ന് വെടിവയ്ക്കുകയായിരുന്നു. അകത്തു നിന്നുള്ള ഗ്രനേഡാക്രമണത്തിലാണ് അഞ്ചു സൈനികര്‍ക്കു പരിക്കേറ്റത്. നിരന്തരമായ വെടിവയ്പിനിടയില്‍ സൈനികര്‍ക്ക് ഉള്ളിലുള്ളവരെ കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമികളെ ചെറുക്കുന്നതിന് സേനാവിഭാഗങ്ങള്‍ തമ്മില്‍ ഏകോപനമില്ലായിരുന്നുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. അക്രമികള്‍ക്കെതിരേയുള്ള പോരാട്ടം പൂര്‍ണമായും നിയന്ത്രിച്ചത് എന്‍എസ്ജിയാണെന്ന് പറഞ്ഞ അദ്ദേഹം എന്‍എസ്ജിയുടെ അതിവിദഗ്ധമായ പ്രകടനമാണ് കാഴ്ചവച്ചതെന്നും അവകാശപ്പെട്ടു. അക്രമികളുടെ ലക്ഷ്യം വ്യോമത്താവളത്തിലെ ആസ്തികള്‍ നശിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പത്താന്‍കോട്ട് ആക്രമണത്തില്‍ ലഫ്. കേണല്‍ ഇ കെ നിരഞ്ജന്‍ എന്ന അതിസമര്‍ഥനായ മലയാളി ഓഫിസര്‍ കൊല്ലപ്പെടാനിടയായത് അക്രമികള്‍ സ്‌ഫോടനത്തിനുപയോഗിച്ച സാങ്കേതികവിദ്യയെ നേരിടാന്‍ സാധിക്കാത്തതുകൊണ്ടാണെന്ന് ദേശീയ സുരക്ഷാ സേന(എന്‍എസ്ജി)യുടെ മുതിര്‍ന്ന ഓഫിസര്‍ പറഞ്ഞു. ബോംബുകളും മറ്റു സ്‌ഫോടക ഉപകരണങ്ങളും നിര്‍വീര്യമാക്കാനുള്ള സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സേന തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it