പത്താന്‍കോട്ട്: സൈനികനീക്കം അന്തിമഘട്ടത്തിലേക്ക്

ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ താവളത്തില്‍ നിന്നു തുടര്‍ച്ചയായ മൂന്നാം ദിവസവും സ്‌ഫോടന ശബ്ദവും വെടിയൊച്ചകളും കേട്ടതായി റിപോര്‍ട്ട്. അക്രമികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് സംശയിക്കുന്ന കെട്ടിടത്തില്‍നിന്ന് ഇന്നലെ വന്‍ സ്‌ഫോടന ശബ്ദം കേട്ടതായാണ് വാര്‍ത്തകള്‍.
ഏറ്റുമുട്ടല്‍ അവസാന ഘട്ടത്തിലാണെന്നു ദേശീയ സുരക്ഷാസേന (എന്‍എസ്ജി) ഐജി മേജര്‍ ജനറല്‍ ദുഷ്യന്ത് സിങ് വ്യക്തമാക്കി. രണ്ട് ഭീകരരെക്കൂടി വകവരുത്താനുണ്ട്. വ്യോമസേനാ താവളത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ സുരക്ഷിതമാണ്. നിരവധി കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. അവരെ സംരക്ഷിക്കുന്നതിനൊപ്പം താവളത്തിനുള്ളിലെ വിദ്യാലയങ്ങളും കടകളും സംരക്ഷിക്കുന്നതിനാണു സേന മുന്‍ഗണന നല്‍കുന്നത്. ഇതിനകം ഏഴ് സൈനികര്‍ വീരമൃത്യു വരിച്ചെന്നും അഞ്ച് അക്രമികളെ വകവരുത്താന്‍ കഴിഞ്ഞുവെന്നൂം മുതിര്‍ന്ന എന്‍എസ്ജി വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ആറ് അക്രമികളെ കൊലപ്പെടുത്തിയതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. വ്യോമസേന കേന്ദ്രം ആക്രമിച്ചത് ആത്മഹത്യാ സ്‌ക്വാഡാണ്. വ്യോമസേനയുടെ വസ്തുവഹകള്‍ തകര്‍ക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. വ്യോമസേനാ കേന്ദ്രം സ്ഥിതിചെയ്യുന്നത് വളരെ വിശാലമായ പ്രദേശത്തായതിനാലാണ് സൈനികനീക്കം നീണ്ടുപോവുന്നതെന്നും കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റിലി പറഞ്ഞു. അക്രമികളെ ജീവനോടെ പിടികൂടുക അല്ലെങ്കില്‍ കൊലപ്പെടുത്തുകയെന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പത്താന്‍കോട്ടിലെ ആക്രമണത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഉന്നതതല യോഗം വിളിച്ചു.
പ്രധാനമന്ത്രിയുടെ 7റേസ് കോഴ്‌സ് റോഡിലെ ഔദ്യോഗിക വസതിയിലായിരുന്നു യോഗം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ അടക്കം ഉന്നത സൈനിക ഓഫിസര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.
അതിനിടെ, പത്താന്‍കോട്ട് ആക്രമണത്തെക്കുറിച്ചു വിവിധ തരത്തിലുള്ള റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആക്രമണം നടക്കുന്നതിന്റെ തലേ ദിവസമായ വെള്ളിയാഴ്ച വൈകുന്നേരംതന്നെ സൈന്യത്തിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആക്രമണം സംബന്ധിച്ച വിവരം ലഭിച്ചിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ആക്രമണം നടക്കുന്നതിന്റെ തലേന്ന് രാത്രി 8 മണിക്ക് കടകമ്പോളങ്ങള്‍ എല്ലാം സൈന്യം അടപ്പിച്ചിരുന്നെന്ന് വ്യോമസേന താവളത്തിനു സമീപം കച്ചവടം ചെയ്യുന്ന അശോക് മെഹ്ത വ്യക്തമാക്കിയതായി ബിബിസി റിപോര്‍ട്ട് ചെയ്തു. വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും വളരെ ജാഗ്രത പുലര്‍ത്തിയിട്ടും അക്രമികള്‍ എങ്ങിനെയാണ് അകത്തുകടന്നതെന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്.
ആക്രമണം നടക്കുമെന്നറിഞ്ഞിട്ടും അത് ലാഘവത്തോടെ കണ്ട സര്‍ക്കാരും സുരക്ഷാ ഏജന്‍സികളുമാണ് സംഭവത്തിന്റെ യഥാര്‍ഥ കുറ്റവാളികള്‍ എന്നാണ് ഇവര്‍ പറയുന്നത്. അതിനിടെ, ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് അധീന കശ്മീരിലെ ഒരു സംഘടന ഏറ്റെടുത്തതായി റിപോര്‍ട്ടുണ്ട്. എന്നാല്‍, സംഘടനയുടെ അവകാശവാദം സര്‍ക്കാര്‍ തള്ളി. ആക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ സംഘടനയായ ജയ്‌ഷേ മുഹമ്മദാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
Next Story

RELATED STORIES

Share it