പത്താന്‍കോട്ട് വെടിയൊച്ച നിലച്ചു; തിരച്ചില്‍ തുടരുന്നു

പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ വെടിയൊച്ച നിലച്ചു. എന്നാല്‍ വ്യോമതാവളത്തില്‍ സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച വ്യോമതാവളത്തില്‍ അക്രമിസംഘത്തിലെ രണ്ടു പേരെ സുരക്ഷാസൈന്യം വധിച്ചിരുന്നു. ആറ് അക്രമികളെയും കൊലപ്പെടുത്തിയതായാണു സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ വ്യോമതാവളത്തില്‍ കടന്ന എല്ലാ അക്രമികളും കൊല്ലപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിനു ശേഷം ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത് നാല് അക്രമികളുടെ മൃതദേഹം കണ്ടെടുത്തുവെന്നാണ്. രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഉടന്‍ കണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും അക്രമികള്‍ ഒളിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല. വ്യോമതാവളം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതുവരെ തങ്ങളുടെ പരിശോധന തുടരുമെന്നു ദേശീയ സുരക്ഷാ സേന ഐജി മേജര്‍ ജനറല്‍ ദുഷാന്ത് സിങ് പറഞ്ഞു. പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടുത്തയാഴ്ച നടത്താന്‍ നിശ്ചയിച്ച ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച നീട്ടിവയ്ക്കുമെന്നാണു സൂചന. സെക്രട്ടറിതല ചര്‍ച്ചയ്ക്കു മുമ്പ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള അടിയന്തര കൂടിക്കാഴ്ച നടക്കുമെന്നാണു സൂചന. അതിനിടെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ, കരസേനാ മേധാവി ജനറല്‍ ദാല്‍ബിര്‍സിങ് സുഹാഗ് എന്നിവര്‍ പത്താന്‍കോട്ട് സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it