പത്താന്‍കോട്ട്: എന്‍ഐഎ സംഘത്തിന് പാകിസ്താന്‍ അനുമതി നല്‍കിയേക്കില്ല

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമകേന്ദ്രത്തിലെ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ എന്‍ഐഎ സംഘത്തിന് പാക് സര്‍ക്കാര്‍ അനുമതി നല്‍കിയേക്കില്ല. ഫോറിന്‍ കറസ്‌പോണ്ടന്‍സ് ക്ലബ്ബില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ ഇന്ത്യയിലെ പാക് നയതന്ത്ര പ്രതിനിധി അബ്ദുല്‍ ബാസിതാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. സെക്രട്ടറി തല ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായും ബാസിത് പറഞ്ഞു.
പാകിസ്താന്‍ സംഘം ഇന്ത്യയിലെത്തിയതിന് പിന്നാലെ എന്‍ഐഎ സംഘത്തിന് പാകിസ്താനിലെത്താനും ജയ്‌ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിനെ ചോദ്യം ചെയ്യാനും അവസരം ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തമായി ഒന്നും പറയാന്‍ തനിക്ക് സാധിക്കില്ലെന്ന് ബാസിത് വ്യക്തമാക്കി. ഈ ഘട്ടത്തില്‍ എല്ലാ അന്വേഷണവും കൊടുക്കല്‍വാങ്ങലുകളാണെന്ന് പറയാനാവില്ല. ഇത് രണ്ടു രാജ്യങ്ങള്‍ തമ്മില്‍ സഹകരിച്ച് വിഷയത്തിന്റെ അടിത്തട്ടിലെത്തുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്-ബാസിത് പറഞ്ഞു.
പഞ്ചാബ് മേഖല ഭീകരവിരുദ്ധ കേന്ദ്രം തലവന്‍ മുഹമ്മദ് താഹിര്‍ റായുടെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണ സംഘം മാര്‍ച്ച് അവസാനത്തിലാണ് ഡല്‍ഹിയിലെത്തി എന്‍ഐഎ ഉദ്യോഗസ്ഥരോട് ചര്‍ച്ച നടത്തുകയും ആക്രമണമുണ്ടായ പത്താന്‍കോട്ട് വ്യോമകേന്ദ്രം സന്ദര്‍ശിക്കുകയും ചെയ്തത്. ലാഹോര്‍ ഇന്റലിജന്‍സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അസീം അര്‍ഷാദ്, ഐഎസ്‌ഐ ഉദ്യോഗസ്ഥന്‍ ലഫ്. കേണല്‍ തന്‍വീര്‍ അഹ്മദ്, മിലിറ്ററി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ലഫ്. കേണല്‍ ഇര്‍ഫാന്‍ മിര്‍സ, ഗുജര്‍നാന്‍വാല ഭീകരവിരുദ്ധ കേന്ദ്രം ഉദ്യോഗസ്ഥന്‍ ഷാഹിദ് തന്‍വീര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗുരുദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്, സിങിന്റെ പാചകക്കാരന്‍ മദന്‍ ഗോപാല്‍ എന്നിവരടക്കമുള്ള സാക്ഷികളെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനായി പാകിസ്താനിലേക്ക് വരാന്‍ എന്‍ഐഎ സംഘം ആവശ്യമുന്നയിച്ചു. ഇക്കാര്യത്തിലാണ് ഇപ്പോള്‍ അവ്യക്തത നിലനില്‍ക്കുന്നത്. എല്ലാ വിഷയങ്ങളിലും പരസ്പരം കൊടുക്കല്‍ വാങ്ങലുകള്‍ സാധ്യമാവില്ലെന്ന് ബാസിത് പറഞ്ഞു. ചിലതില്‍ സഹകരണം മാത്രമേ സാധ്യമാവൂ. സഹകരണത്തിന്റെ ഉല്‍സാഹം വൈകാതെ തിരിച്ചുവരുമെന്ന് കരുതാം അദ്ദേഹം വ്യക്തമാക്കി.
പാകിസ്താന്റെ നടപടിയെ കോണ്‍ഗ്രസ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. മോദിയെയും ബിജെപിയെയും ഓര്‍ത്ത് ലജ്ജിക്കുന്നു.
Next Story

RELATED STORIES

Share it