പത്താന്‍കോട്ട് ആക്രമണം; പഞ്ചാബിലും കശ്മീരിലും ജാഗ്രത

ചണ്ഡീഗഡ്: പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ്, ഗുജറാത്ത്, ജമ്മുകശ്മീര്‍, ഹരിയാന സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലും ജാഗ്രതാ നിര്‍ദേശം. പഞ്ചാബിലെ പത്താന്‍കോട്ടില്‍ കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തിനു പിറകില്‍ ജയ്‌ശെ മുഹമ്മദ് പ്രവര്‍ത്തകരാണെന്നാണ് പോലിസ് സംശയിക്കുന്നത്. പഞ്ചാബില്‍ ജമ്മുകശ്മീരുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ സുരക്ഷ ശക്തമാക്കി. കൂടുതല്‍ താല്‍ക്കാലിക ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് വാഹനപരിശോധന പോലിസ് ശക്തമാക്കിയിട്ടുണ്ട്. ഹരിയാനയിലും ചണ്ഡീഗഡിലും ജാഗ്രതാനിര്‍ദേശമുണ്ട്.
ചണ്ഡീഗഡ്, പഞ്ചാബിലെ ഹല്‍വാറ എന്നിവിടങ്ങളിലെ വ്യോമസേനാ കേന്ദ്രങ്ങളിലും അംബാല വ്യോമതാവളത്തിലും സുരക്ഷ വര്‍ധിപ്പിച്ചു. അംബാല കന്റോണ്‍മെന്റിലെ ചാന്ദിമന്ദിറിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കര-വ്യോമസേനാ മേഖലകളിലൂടെ കടന്നുപോവുന്ന വാഹനങ്ങള്‍ സൈനികരും പോലിസും പരിശോധിക്കുന്നുണ്ട്. പഞ്ചാബിലെയും ഹരിയാനയിലെയും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിലും ജാഗ്രതാനിര്‍ദേശമുണ്ട്. സംസ്ഥാനത്തുടനീളം പട്രോളിങ് ശക്തിപ്പെടുത്താന്‍ പോലിസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജമ്മുകശ്മീരില്‍ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലെ വ്യോമസേനാ കേന്ദ്രങ്ങളിലെല്ലാം സുരക്ഷ വര്‍ധിപ്പിച്ചു. നുഴഞ്ഞുകയറ്റത്തിന് സാധ്യതയുള്ള മേഖലകളില്‍ നിരീക്ഷണം ശക്തമാക്കി. ഇവിടങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു.
സംസ്ഥാനങ്ങളിലേക്കു പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നതായി ജമ്മുകശ്മീര്‍ ഡിജിപി കെ രാജേന്ദ്രകുമാര്‍ അറിയിച്ചു. ജമ്മു-പത്താന്‍കോട്ട് ദേശീയപാതയിലും അന്താരാഷ്ട്ര അതിര്‍ത്തിയോടനുബന്ധിച്ച മേഖലകളിലും അതീവ ജാഗ്രത പുലര്‍ത്തുന്നതായും അദ്ദേഹം അറിയിച്ചു. അതേസമയം, എന്‍ഐഎ സംഘം പത്താന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രത്തിലെത്തി. ആക്രമണം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ സംഘം ശേഖരിച്ചു.
അതെസമയം പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഡല്‍ഹിയിലെ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, മെട്രോ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ജമ്മുകശ്മീരിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രധാന മാര്‍ക്കറ്റുകള്‍ സ്ഥിതിചെയ്യുന്ന സൗത്ത് ഡല്‍ഹി, സെന്‍ട്രല്‍ ഡല്‍ഹി, വിഐപികള്‍ താമസിക്കുന്ന ല്യൂട്യന്‍സ് ഡല്‍ഹി, സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനും വിഐപികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കിയതായി സ്‌പെഷ്യല്‍ പോലിസ് കമ്മീഷണര്‍ വ്യക്തമാക്കി. ദ്രുതകര്‍മസേനയടക്കം എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, പുതുവല്‍സരദിനത്തില്‍ ആക്രമണ സാധ്യതയുള്ളതായി രഹസ്യാന്വേഷണ റിപോര്‍ട്ടുണ്ടായിട്ടും പത്താന്‍കോട്ട് ആക്രമണം തടയുന്നതില്‍ സുരക്ഷാ സേന പരാജയപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍. രാജ്യാന്തര അതിര്‍ത്തികളിലും നിയന്ത്രണരേഖകളിലും വിന്യസിച്ചിട്ടുള്ള സുരക്ഷാ സൈന്യത്തോട് ജാഗ്രതപാലിക്കാന്‍ ആവശ്യപ്പെട്ടതായി സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. രാജ്യതലസ്ഥാനത്തെങ്ങും ദ്രുതകര്‍മസേനയെ നിയോഗിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it