പത്താന്‍കോട്ട് ആക്രമണം; പാകിസ്താന്‍ നടപടി സ്വീകരിക്കണം: യുഎസ്

വാഷിങ്ടണ്‍: പത്താന്‍കോട്ടിലെ ഇന്ത്യന്‍ വ്യോമസേനാ താവളത്തിനു നേരെയുണ്ടായ സായുധാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ പാകിസ്താന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി. സായുധസംഘങ്ങള്‍ക്കെതിരേ പാകിസ്താന്‍ കടുത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യ-പാക് സമാധാന ചര്‍ച്ചകളെ തുരങ്കംവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആക്രമണമെന്നു കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. കശ്മീരില്‍ പോരാട്ടരംഗത്തുള്ള സായുധസംഘങ്ങളുടെ കൂട്ടായ്മയായ യുനൈറ്റഡ് ജിഹാദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
സംഭവത്തെ ശക്തമായി അപലപിച്ച പാകിസ്താന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും പാക് ഭരണകൂടം മുഴുവന്‍ സായുധസംഘങ്ങള്‍ക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കണമെന്നും കിര്‍ബി ആവശ്യപ്പെട്ടു. അക്രമിസംഘത്തിലെ അഞ്ചു പേരും ഏഴ് ഇന്ത്യന്‍ സൈനികരും നാലു ദിവസം നീണ്ട ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it