പത്താന്‍കോട്ട് ആക്രമണം: ആറ് അക്രമികളെ വധിച്ചെന്ന് പ്രതിരോധമന്ത്രി പരീക്കര്‍; വീഴ്ചപറ്റി

പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ആക്രമണം നടന്നത് ചില വീഴ്ചകള്‍മൂലമാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. അതിര്‍ത്തിരക്ഷാസേന (ബിഎസ്എഫ്) തിങ്കളാഴ്ച കേന്ദ്രത്തിന് സമര്‍പ്പിച്ച റിപോര്‍ട്ടിലും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ചില വീഴ്ചകള്‍ കണ്ടെത്തിയതായി വ്യക്തമാക്കിയിട്ടുണ്ട്. നിരീക്ഷണത്തിനു സ്ഥാപിച്ച ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ തകരാറിലായതായും ബിഎസ്എഫ് റിപോര്‍ട്ടിലുണ്ട്.
ആക്രമണം നടന്ന പത്താന്‍കോട്ട് വ്യോമതാവളം സന്ദര്‍ശിച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരീക്കര്‍ വീഴ്ചകള്‍പറ്റിയതായി സമ്മതിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 3.30 മുതല്‍ തുടര്‍ച്ചയായി 36 മണിക്കൂര്‍ സുരക്ഷാസേന നടത്തിയ തിരച്ചിലില്‍ ആറ് അക്രമികളെ വധിച്ചതായും മന്ത്രി പറഞ്ഞു.
വ്യോമതാവളത്തില്‍ സുരക്ഷാസേനയുടെ തിരച്ചില്‍ ബുധനാഴ്ച വരെ തുടരുമെന്നും മന്ത്രി പറഞ്ഞു. ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍, സുരക്ഷാസേനയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ല. ഇതിനെക്കുറിച്ചു നടക്കുന്ന അന്വേഷണത്തിന്റെ റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ അതു വ്യക്തമാവൂ. 2000 ഏക്ര വിസ്തൃതിയും 24 കിലോമീറ്റര്‍ ചുറ്റളവുമുള്ള വ്യോമതാവളത്തില്‍ അക്രമികള്‍ പ്രവേശിച്ചത് എങ്ങനെയെന്ന കാര്യമാണ് തന്നെ അസ്വസ്ഥനാക്കുന്നത്- മന്ത്രി പറഞ്ഞു.
ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് പത്താന്‍കോട്ട് വ്യോമകേന്ദ്രം സ്ഥിതിചെയ്യുന്ന ബാമിയാല്‍ ഗ്രാമം സന്ദര്‍ശിച്ച് ബിഎസ്എഫ് റിപോര്‍ട്ട് തയ്യാറാക്കിയത്. പഞ്ചാബിലും ജമ്മുവിലും വേലികളുള്ള അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം നടന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും എന്നാല്‍, അതിര്‍ത്തിയില്‍ വേലികളില്ലാത്തതും ആനപ്പുല്ലുകള്‍ നിറഞ്ഞതുമായ ചില പ്രദേശങ്ങളുണ്ടെന്നും ബിഎസ്എഫ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ സ്ഥാപിച്ച റഡാറുകളടക്കമുള്ള യന്ത്രങ്ങളില്‍ നുഴഞ്ഞുകയറ്റം നടന്നതിന്റെ അടയാളങ്ങള്‍ പതിഞ്ഞിട്ടില്ലെന്നും ചില യന്ത്രങ്ങള്‍ സാങ്കേതികത്തകരാര്‍ കാരണം പ്രവര്‍ത്തിച്ചിരുന്നില്ലെന്നും റിപോര്‍ട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ 27ന് ഗുര്‍ദാസ്പൂരിലുണ്ടായ ആക്രമണത്തിനുശേഷം ഈ ഭാഗത്ത് 1000 സുരക്ഷാസൈനികരടങ്ങുന്ന ബറ്റാലിയനെ പുതുതായി നിയോഗിച്ചിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. വേലികളില്ലാത്ത അതിര്‍ത്തിയിലെ തോട്ടിലൂടെയാണ് അക്രമികള്‍ ഇന്ത്യയില്‍ പ്രവേശിച്ചതെന്ന് വ്യക്തമായിരുന്നു.
Next Story

RELATED STORIES

Share it