kozhikode local

പത്താന്‍കോട്ട് ആക്രമണം: നഗരത്തില്‍ പോലിസ് പരിശോധന

കോഴിക്കോട്: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ രാജ്യസുരക്ഷയുടെ ഭാഗമായി നഗരത്തില്‍ പോലിസ് പരിശോധന നടത്തി. റെയില്‍വേ സ്‌റ്റേഷന്‍, ബസ്സ്റ്റാന്‍ഡ്, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് സുരക്ഷയുടെ ഭാഗമായി ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയത്. രാവിലെ ഒമ്പതു മുതല്‍ ആരംഭിച്ച പരിശോധന ഒരു മണി വരെ നീണ്ടു നിന്നു. റെയില്‍വേ പോലിസിന്റെ സഹായത്തോടെയായിരുന്നു റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന നടത്തിയത്. എല്ലാ പ്ലാറ്റ്‌ഫോമുകളിലും വിശ്രമമുറികളിലും സ്‌ക്വാഡുകള്‍ പരിശോധന നടത്തി. ഇതുകൂടാതെ പാളയം, പുതിയ ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും പരിശോധിച്ചു.
അതേസമയം സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. അവധി ദിവസമായതിനാല്‍ മാനാഞ്ചറിയിലും ബീച്ചിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് കണക്കിലെടുത്ത് രാവിലെ തന്നെ ഈ സ്ഥലങ്ങളിലും പോലിസ് പരിശോധന നടത്തിയിരുന്നു. ബോംബ് സ്‌ക്വാഡ് എസ്‌ഐ എം പ്രേമാനന്ദന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവില്‍ പോലിസ് ഓഫിസര്‍മാരായ പി പ്രദീപന്‍, പി ശിവാനന്ദന്‍, സീനിയര്‍ സിവില്‍ പോലീസ് ആഷ്‌ലി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it