പത്താന്‍കോട്ട് ആക്രമണം പാക് പങ്കിനു തെളിവില്ലെന്ന എന്‍ഐഎ മേധാവിയുടെ പ്രസ്താവന വിവാദമായി

ന്യൂഡല്‍ഹി: പത്താന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പാകിസ്താന്‍ സര്‍ക്കാരിനോ അവിടുത്തെ ഏതെങ്കിലും ഔദ്യോഗിക ഏജന്‍സികള്‍ക്കോ പങ്കുണ്ടെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന എന്‍ഐഎ ഡയറക്ടര്‍ ശരത്കുമാറിന്റെ പരാമര്‍ശം വിവാദമായി. നിരോധിത സംഘടനയായ ജയ്‌ശെ മുഹമ്മദിനോ മറ്റേതെങ്കിലും സായുധസംഘടനയ്‌ക്കോ ആക്രമണം നടത്താന്‍ പാക് അധികൃതര്‍ സഹായം നല്‍കിയെന്നതിന് ഇതേവരെ തെളിവു ലഭിച്ചില്ലെന്ന് ന്യൂസ് 18മായുള്ള അഭിമുഖത്തിലാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍, ആക്രമണത്തിന് ഇന്ത്യയില്‍ നിന്നുള്ള വല്ല സഹായവും ലഭിച്ചോയെന്ന ചോദ്യത്തിന്, ആഭ്യന്തരസഹായം ലഭിച്ചതിനും തെളിവില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, കേസില്‍ പാകിസ്താനു ശുദ്ധിപത്രം നല്‍കിയ എന്‍ഐഎ നടപടിക്കെതിരേ കോണ്‍ഗ്രസ് രംഗത്തുവന്നു. ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ അസ്ഥിരപ്പെടുത്തുന്നതാണ് എന്‍ഐഎയുടെ നടപടിയെന്നും അത് രാജ്യത്തിനു വേണ്ടി പൊരുതിമരിക്കുന്ന ജവാന്‍മാരെ അവഹേളിക്കലാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജീവാല പറഞ്ഞു. 2008ലെ മുംബൈ ആക്രമണക്കേസിലെ പാക് ബന്ധവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആരോപണങ്ങള്‍ക്ക് രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയുണ്ടായിരുന്നു. അതിനാല്‍ പ്രതികളെ പിടികൂടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കു വിവിധ തുറകളില്‍ നിന്ന് പിന്തുണയും ലഭിച്ചു. പാക് ചാര സംഘടനയായ ഐഎസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശുദ്ധിപത്രം നല്‍കിയ ബിജെപി സര്‍ക്കാരിന്റെ നടപടി ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്‍ഐഎയുടെ നടപടി ഞെട്ടിക്കുന്നതും അസാധാരണവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശക്കീല്‍ അഹ്മദ് പറഞ്ഞു. ആക്രമണത്തില്‍ പാക് പങ്ക് തള്ളിയ എന്‍ഐഎ മേധാവിയുടെ വാര്‍ത്ത പാകിസ്താനി മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണു പ്രസിദ്ധീകരിച്ചത്.
Next Story

RELATED STORIES

Share it