പത്താന്‍കോട്ട് ആക്രമണം: കേന്ദ്രത്തിന് പാര്‍ലമെന്റ് സമിതിയുടെ വിമര്‍ശനം; സുരക്ഷ പോര

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപോര്‍ട്ടില്‍ കേന്ദ്രത്തിന് വിമര്‍ശനം. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഗൗരവം കാണിക്കുകയും രഹസ്യാന്വേഷണ ഏജന്‍സികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നെങ്കില്‍ പത്താന്‍കോട്ടെ ചിത്രം മറ്റൊന്നായിരുന്നേനെ എന്ന് സമിതി ചൂണ്ടിക്കാട്ടിയതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ ഭീകരവിരുദ്ധ സംവിധാനത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന നിഗമനത്തിലാണ് സമിതി എത്തിയത്. പത്താന്‍കോട്ട് വ്യോമകേന്ദ്രത്തിന്റെ സുരക്ഷാസംവിധാനങ്ങള്‍ അപര്യാപ്തമായിരുന്നെന്നും ഇന്നലെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പത്താന്‍കോട്ട് സന്ദര്‍ശിച്ച ശേഷമാണ് സമിതി റിപോര്‍ട്ട് തയ്യാറാക്കിയത്.
പാകിസ്താനില്‍നിന്നുള്ള അക്രമികള്‍ക്ക് വ്യോമകേന്ദ്രത്തില്‍ എത്താന്‍ സാധിച്ചതെങ്ങനെ. ആക്രമണമുണ്ടാവുമെന്ന ജാഗ്രതാനിര്‍ദേശം നേരത്തേയുണ്ടായിട്ടും വ്യോമകേന്ദ്രത്തിന്റെ സുരക്ഷാസന്നാഹങ്ങള്‍ മറികടക്കാന്‍ സായുധസംഘത്തിന് എങ്ങനെ സാധിച്ചു തുടങ്ങി നിരവധി സുപ്രധാന ചോദ്യങ്ങള്‍ റിപോര്‍ട്ടിലുണ്ട്. പഞ്ചാബ് പോലിസിനെയും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഒരു എസ്പി സഞ്ചരിച്ച കാറടക്കം തട്ടിക്കൊണ്ടുപോയിട്ടും സാധാരണ സംഭവമല്ലെന്നു തിരിച്ചറിയാന്‍ എന്തുകൊണ്ട് പോലിസിനായില്ല. ഇതു സംശയാസ്പദമാണെന്നാണ് സമിതിയുടെ നിരീക്ഷണം.
അതിര്‍ത്തികളിലെ പട്രോളിങ് ശക്തിപ്പെടുത്തണം. പുതിയ വേലികള്‍, ഫഌഡ്‌ലൈറ്റുകള്‍ എന്നിവ സ്ഥാപിച്ച് നുഴഞ്ഞുകയറ്റം പ്രതിരോധിക്കണം തുടങ്ങി നിരവധി നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവയ്ക്കുന്നു. പാകിസ്താന്‍ ഏജന്‍സികളുടെ സഹായത്തോടെ തന്നെയായിരിക്കും ആക്രമണം നടന്നതെന്ന നിഗമനത്തിലാണു സമിതി.
ഈ വര്‍ഷം ജനുവരി രണ്ടിന് പത്താന്‍കോട്ട് വ്യോമകേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ ഏഴു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം പാകിസ്താന്‍ സായുധസംഘമായ ജയ്‌ശെ മുഹമ്മദിന്റെ പദ്ധതിയായിരുന്നെന്നാണ് ഇന്ത്യയുടെ ആരോപണം. ആക്രമണത്തെ പാകിസ്താന്‍ സര്‍ക്കാര്‍ അപലപിച്ചിരുന്നു. അക്രമത്തില്‍ അന്വേഷണം തുടങ്ങിയ പാകിസ്താന്‍ പ്രതിനിധിസംഘം വ്യോമതാവളത്തിലെത്തി തെളിവു ശേഖരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it