പത്താന്‍കോട്ട് ആക്രമണം: പാക് റിപോര്‍ട്ട് ഇന്ത്യ തള്ളി

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമകേന്ദ്രത്തില്‍ ജനുവരി ആദ്യവാരത്തില്‍ ഉണ്ടായ സായുധ ആക്രമണത്തെക്കുറിച്ച് ഇന്ത്യക്ക് നേരത്തെ വിവരമുണ്ടായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യയില്‍ എത്തിയ പാക് സംയുക്ത അന്വേഷണ സംഘം കരുതുന്നതെന്ന പാക് മാധ്യമ റിപോര്‍ട്ടുകളെ ഇന്ത്യ തള്ളി. കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു, നിധിന്‍ ഗഡ്കരി എന്നിവര്‍ പാക് റിപോര്‍ട്ടുകളെ വിമര്‍ശിച്ചു രംഗത്ത് വന്നു.
പത്താന്‍കോട്ട് ആക്രമണം ഇന്ത്യയുടെ അറിവോടെയായിരുന്നുവെന്ന ആരോപണം പാകിസ്താന്‍ ജനതയടക്കം ആരും വിശ്വസിക്കാന്‍ പോവുന്നില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഭീകരരെ കയറ്റുമതി ചെയ്യുകയും സാധാരണക്കാരെ വധിക്കുകയും ചെയ്ത ശേഷം അടിസ്ഥാനരഹിതമായ പ്രസ്താവനകളിറക്കുന്ന പാകിസ്താന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് മറ്റൊരു കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി പ്രതികരിച്ചു.
അക്രമം ഏതാനും മണിക്കൂറുകള്‍ മാത്രമേ നീണ്ടു നിന്നുള്ളൂവെന്നും അന്തര്‍ദേശീയതലത്തില്‍ പാകിസ്താനെ മോശമായി ചിത്രീകരിക്കാന്‍ സംഭവത്തെ ഇന്ത്യ ഉപയോഗിക്കുകയായിരുന്നുവെന്നും മറ്റും ഇന്ത്യ സന്ദര്‍ശിച്ച പാക് സംയുക്ത അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു പാക് മാധ്യമം കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത് സംബന്ധമായി പാകിസ്താന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗികമായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
പാക് അന്വേഷണ സംഘത്തിന് അവര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ തങ്ങള്‍ നല്‍കിയിരുന്നെന്നും ഇപ്പോള്‍ പാക് മാധ്യമത്തില്‍ വന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് പാക് അധികൃതരുമായി ഇതുവരെ സംഭാഷണമൊന്നും നടന്നിട്ടില്ലെന്നും എന്‍ഐഎ വക്താവ് സഞ്ജീവ് സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it