പത്താന്‍കോട്ട് ആക്രമണം; പാക് അന്വേഷണ സംഘം ഇന്ത്യ സന്ദര്‍ശിച്ചേക്കും

ന്യൂഡല്‍ഹി: പഞ്ചാബ് പത്താന്‍കോട്ടിലെ വ്യോമസേനാകേന്ദ്രത്തില്‍ കഴിഞ്ഞമാസം അക്രമമുണ്ടായതുമായി ബന്ധപ്പെട്ട് പാക് അന്വേഷണ സംഘം ഇന്ത്യ സന്ദര്‍ശിച്ചേക്കും. അക്രമത്തില്‍ പാക് സായുധസംഘടനയായ ജെയ്‌ഷെ മുഹമ്മദിനുള്ള പങ്ക് ആരോപിക്കപ്പെട്ട സാഹചര്യത്തില്‍ തെളിവ് ശേഖരിക്കാനാണ് ആറംഗ അന്വേഷണസംഘം ഇന്ത്യ സന്ദര്‍ശിക്കുകയെന്നു പ്രമുഖ പാക് ദിനപത്രം ഡോണ്‍ റിപോര്‍ട്ട് ചെയ്തു.
അക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പാക് പഞ്ചാബ് പ്രവിശ്യാ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പത്താന്‍കോട്ട് അക്രമത്തില്‍ പങ്കെടുത്തവര്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും എതിരായിട്ടാണ് കേസ്. പാകിസ്താന്‍ സംഘം എന്‍ഐഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്. അക്രമം നടന്ന സ്ഥലം ഇവര്‍ സന്ദര്‍ശിച്ചേക്കും.
അക്രമവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത കാര്യം പാകിസ്താന്‍ നേരത്തെ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചു. പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഇതറിയിച്ചത്. പാക് അന്വേഷണസംഘത്തെ സ്വീകരിക്കാനും അന്വേഷണപ്രക്രിയയെ സഹായിക്കാനും ഇന്ത്യ തയ്യാറാണെന്ന് ഒരു പാക് നയതന്ത്രജ്ഞനെ ഉദ്ധരിച്ച് റിപോര്‍ട്ട് പറയുന്നു.
ഇന്ത്യയില്‍ നിന്നു ലഭ്യമായ തെളിവുകള്‍ വച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പാകിസ്താന്‍ പഞ്ചാബ് നിയമകാര്യ മന്ത്രി റാണ സനാഉല്ല പറഞ്ഞു.
Next Story

RELATED STORIES

Share it