പത്താന്‍കോട്ട് ആക്രമണം;  വയനാട് സ്വദേശിയെ കുറ്റക്കാരനല്ലെന്ന്കണ്ട് വിട്ടയച്ചു

മാനന്തവാടി: പത്താന്‍കോട്ട് സൈനികകേന്ദ്രത്തിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പോലിസ് കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശിയെ വിട്ടയച്ചു. ഭീകരവാദപ്രവര്‍ത്തനങ്ങളുമായി ഇയാള്‍ക്കു യാതൊരു ബന്ധവുമില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു രണ്ടുദിവസം മുമ്പ് ഉത്തര്‍പ്രദേശ് മുറാദാബാദ് പോലിസ് ഇയാളെ വിട്ടയച്ചതെന്ന് മുറാദാബാദ് പോലിസ് സ്‌റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ തേജസിനോട് പറഞ്ഞു.
ഇയാളോടൊപ്പം പിടിയിലായ നാല് മാലി സ്വദേശികളെ രണ്ടാമത്തെദിവസംതന്നെ വിട്ടയച്ചിരുന്നു. ഉത്തര്‍പ്രദേശിലെ മുറാദാബാദിലെ ഒരു ഹോട്ടല്‍മുറിയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് മാനന്തവാടി പിലാക്കാവ് അടുക്കത്ത് വീട്ടില്‍ ദിനേശന്‍ എന്ന റിയാസിനെ (39) സ്‌പെഷ്യല്‍ ടീം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയില്‍ വൈരുദ്ധ്യം കണ്ടതിനെത്തുടര്‍ന്നായിരുന്നു പോലിസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിയത്. ഇതിന്റെ ഭാഗമായി മാനന്തവാടിയിലെത്തിയ സ്‌പെഷ്യല്‍ ടീം ഉദ്യോഗസ്ഥര്‍ ഇയാള്‍ 15 വര്‍ഷമായി നാട്ടില്‍ വരാറില്ലെന്നും എന്നാല്‍ സുഹൃത്തുകളുമായും ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടാറുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് നാടുമായോ വീടുമായോ യാതൊരുബന്ധവുമില്ലെന്നായിരുന്നു അന്വേഷണസംഘത്തോട് ബന്ധുക്കള്‍ പറഞ്ഞത്.
എന്നാല്‍ റിയാസിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒരുമാസം മുമ്പ് വരെ ബന്ധുക്കളുമായി ബന്ധപ്പെട്ടതായും കണ്ടെത്തിയിരുന്നു. ഇതോടൊപ്പം മലപ്പുറം തിരൂര്‍ സ്വദേശിയുമായും ഇയാള്‍ നിരന്തരം ബന്ധപ്പെട്ടതായി പോലിസ് കണ്ടെത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍വച്ച് അന്വേഷണസംഘം കേരളത്തിലെത്തിയത്. എന്നാല്‍ ഇയാള്‍ നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്നും സൗദിയില്‍വച്ച് പരിചയപ്പെട്ട തിരൂര്‍ സ്വദേശിയുമൊന്നിച്ച് യുപിയില്‍ തുണിക്കച്ചവടം ചെയ്തിരുന്നതായും പോലിസ് കണ്ടെത്തി. ഇതിനിടെ അലിഗഡിലെ ഒരു മുസ്‌ലിം യുവതിയെ വിവാഹംകഴിക്കുന്നതിനുവേണ്ടി മതംമാറി റിയാസ് എന്ന പേര് സ്വീകരിച്ചതായും പോലിസിന് ബോധ്യപ്പെട്ടു. ഇതേസമയം, ദിനേശന്‍ എന്ന റിയാസിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതായി വന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും ഉത്തര്‍പ്രദേശ് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it