പത്താന്‍കോട്ട് ആക്രമണം: പാക് നടപടി ഇന്ത്യ സ്വാഗതം ചെയ്തു; സെക്രട്ടറിതല ചര്‍ച്ച നീട്ടി

ന്യൂഡല്‍ഹി/ ഇസ്‌ലാമാബാദ്: പത്താന്‍കോട്ട് ആക്രമണക്കേസ് അന്വേഷണത്തില്‍ പാകിസ്താന്‍ സ്വീകരിച്ച നടപടികള്‍ ഇന്ത്യ സ്വാഗതം ചെയ്തു. അതേസമയം, ഇരുരാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച നീട്ടിവച്ചതായി വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് ജയ്‌ശെ മുഹമ്മദ് പ്രവര്‍ത്തകര്‍ക്കെതിരായി പാകിസ്താന്‍ നടപടി സ്വീകരിച്ചത് നല്ല തുടക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, ജയ്‌ശെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹറിന്റെ അറസ്റ്റ് സംബന്ധിച്ച് യാതൊരു വിവരവും ഇന്ത്യക്കു ലഭിച്ചില്ലെന്ന വാദം അദ്ദേഹം ഇന്നലെയും ആവര്‍ത്തിച്ചു. ഇരുരാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ കഴിഞ്ഞ ദിവസം ടെലിഫോണ്‍ വഴി ബന്ധപ്പെട്ടോ എന്നു ചോദിച്ചപ്പോള്‍, ഉദ്യോഗസ്ഥര്‍ തമ്മില്‍ സ്ഥിരമായി ഇത്തരത്തില്‍ ആശയവിനിമയം നടത്താറുണ്ടെന്നു വികാസ് സ്വരൂപ് പ്രതികരിച്ചു. പാകിസ്താന്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്നും അവര്‍ക്ക് എല്ലാ സഹകരണവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ പ്രഖ്യാപിച്ച പോലെ ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച ഇന്ന് ഇസ്‌ലാമാബാദില്‍ നടത്താന്‍ കഴിയില്ലെന്ന് പാകിസ്താന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് ഉഭയകക്ഷിബന്ധം സംബന്ധിച്ചുണ്ടായ അനിശ്ചിതത്വങ്ങള്‍ക്കിടെയായിരുന്നു ഈ നടപടി. മസ്ഊദ് അസ്ഹറിന്റെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്തയും പാകിസ്താന്‍ സ്ഥിരീകരിച്ചില്ല.
ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്കു പിറകില്‍ ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടെന്നായിരുന്നു പാകിസ്താന്‍ വിദേശകാര്യ വക്താവ് ഖാസി ഖലീലുല്ല കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വിദേശകാര്യ സെക്രട്ടറിതല യോഗത്തിനു പുതിയ സമയം കണ്ടെത്താന്‍ ഇരുരാജ്യങ്ങളും ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. അസ്ഹറിന്റെ അറസ്റ്റിനെക്കുറിച്ചു ചോദിച്ചപ്പോള്‍, പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയല്ലാതെ മറ്റൊന്നുമറിയില്ല എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ജയ്‌ശെ മുഹമ്മദ് അംഗങ്ങളായ ഏതാനും പേര്‍ അറസ്റ്റിലായതായായിരുന്നു പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തുവിട്ടത്. സംഘടനയുടെ ചില ഓഫിസുകള്‍ക്ക് മുദ്രവച്ചതായും പ്രസ്താവനയില്‍ പറയുന്നു. അസ്ഹറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭിച്ചില്ലെന്ന് ഇന്ത്യ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. പിടിയിലായ ജയ്‌ശെ മുഹമ്മദ് പ്രവര്‍ത്തകര്‍ക്കെതിരേ പാകിസ്താന്‍ കേസ് ചുമത്തിയോ എന്നതു സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണം നടത്തിയവര്‍ ഉപയോഗിച്ച ചില ഫോണ്‍നമ്പറുകള്‍ പാകിസ്താനു കൈമാറിയിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പാകിസ്താനില്‍ നിന്നു ലഭിച്ചിട്ടില്ല.
Next Story

RELATED STORIES

Share it