പത്താന്‍കോട്ട് ആക്രമണം: പാകിസ്താനില്‍ നിരവധി പേര്‍ അറസ്റ്റില്‍; സംയുക്ത അന്വേഷണം

ഇസ്‌ലാമാബാദ്/ ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമത്താവളത്തിനു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് അന്വേഷിക്കുന്നതിന് ഉന്നത സംയുക്ത അന്വേഷണസംഘം (ജെഐടി) രൂപീകരിക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ഉത്തരവിട്ടു. സംഭവത്തിനു പിന്നില്‍ പിന്നില്‍ പാകിസ്താനിലുള്ളവരാണെന്നു കാണിച്ച് ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇന്റലിജന്‍സ് ബ്യൂറോ, ഇന്റര്‍സര്‍വീസ് ഇന്റലിജന്‍സ്, മിലിറ്ററി ഇന്റലിജന്‍സ് എന്നിവ സംയുക്തമായാണ് കേസ് അന്വേഷിക്കുകയെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു.
ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ ഖാന്‍ ജാന്‍ജുവ, പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്, ധനമന്ത്രി ഇസ്ഹാഖ് ധര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഉന്നതതല അന്വേഷണത്തിനു തീരുമാനമായത്. ഈ മാസം 15നു നിശ്ചയിച്ച ഇന്തോ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച മുടങ്ങാതിരിക്കാന്‍ കൂടിയാണ് ശരീഫിന്റെ ത്വരിത നടപടി. സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി.
അതിനിടെ, ആക്രമണവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ചിലരെ ബഹാവല്‍പൂരില്‍ നിന്ന് പിടികൂടിയതായി പാകിസ്താന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, അറസ്റ്റ് പത്താന്‍കോട്ട് സംഭവവുമായി ബന്ധപ്പെട്ടാണെന്നു പോലിസ് സ്ഥിരീകരിച്ചിട്ടില്ല. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരുകയാണ്.
അതിനിടെ, വ്യോമത്താവളത്തില്‍ കൊല്ലപ്പെട്ട തിരിച്ചറിയാത്ത ആറുപേരെ കുറിച്ച് വിവരം ലഭിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി ഇന്റര്‍പോളുമായി ബന്ധപ്പെട്ടു. ഏറ്റുമുട്ടല്‍ സ്ഥലത്തുനിന്ന് മൊബൈല്‍ ഫോണ്‍, ബൈനോക്കുലര്‍, എകെ-47 തോക്ക് എന്നിവ കണ്ടെടുത്തു. ആക്രമണത്തിന് ഒത്താശ ചെയ്തുവെന്നു സംശയിക്കുന്ന ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങിനെ എന്‍ഐഎ ചോദ്യംചെയ്തുവരുകയാണ്.
അതേസമയം, സെക്രട്ടറിതല ചര്‍ച്ചയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. അക്രമികള്‍ക്കെതിരേ പാകിസ്താന്‍ നടപടിയെടുത്തില്ലെങ്കില്‍ ചര്‍ച്ച നടക്കില്ലെന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യക്തമാക്കി. ഇന്ത്യയെ വേദനിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കു സമാനമായ തിരിച്ചടി നല്‍കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് പങ്കെടുത്ത പരിപാടിയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it